പെട്ടിയിൽ വീണതിനെക്കാൾ ചിന്ത വോട്ട് ചാടിപ്പോയത് !

Monday 29 April 2024 12:36 AM IST

ആലപ്പുഴ: പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കയായി തുടരുന്നതിനിടെ,​ വോട്ട് ചോർച്ചയും കാരണങ്ങളും വിലയിരുത്താൻ മുന്നണികളുടെ അവലോകന യോഗങ്ങൾക്ക് തുടക്കമായി. മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവും അടിയൊഴുക്കുകളും ആലപ്പുഴയിലെ ഇരുമണ്ഡലങ്ങളിലെയും അന്തിമ ഫലം ആർക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ തീർച്ചയില്ല. മാവേലിക്കരയിൽ 2019നെ അപേക്ഷിച്ച് 11.29 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആലപ്പുഴയിൽ 9.22 ശതമാനത്തിന്റെയും. പരമ്പരാഗത വോട്ട് മേഖലയിൽ നിന്നുൾപ്പെടെ വോട്ടുകൾ പോൾ ചെയ്യാതിരുന്നതാണ് ഇടിവിന് കാരണം. കാലാവസ്ഥയും മെഷീൻ തകരാറുമുൾപ്പെടെ കാരണങ്ങൾ പലതും പുറമേ പറയാനുണ്ടെങ്കിലും പെട്ടിയിൽ വീണ വോട്ടിനേക്കാൾ തങ്ങൾക്ക് ലഭിക്കാതെ പോയ വോട്ടുകളാണ് നേതാക്കളുടെയും പ്രവർത്തകരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

നിഷ്‌പക്ഷ വോട്ടുകൾ

വിധിയെഴുതും

ഭൂരിപക്ഷ വിഭാഗമായ ഈഴവസമുദായത്തിനും തീരദേശമണ്ഡലമെന്ന നിലയിൽ ധീവര, ലത്തീൻ സമുദായങ്ങൾക്കും സ്വാധീനമുളള മണ്ഡലമാണ് ആലപ്പുഴ. വോട്ട് ബാങ്കുകളായ സമുദായങ്ങളുടെ നിലപാടും അടിയൊഴുക്കുകളും പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആലപ്പുഴയിലെ ജയപരാജയങ്ങളെ സ്വാധീനിക്കുമെന്ന് വ്യക്തം. പാർട്ടി വോട്ടുകളേക്കാൾ നിഷ്പക്ഷ വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ നിർണായകമെന്നിരിക്കെ ആലപ്പുഴയിലും നിഷ്പക്ഷമതികളാകും വിധികർത്താക്കൾ. അതേസമയം,​ സംസ്ഥാനം ഉറ്റുനോക്കുകയും പ്രീപോൾ പ്രവചനങ്ങൾ അസാദ്ധ്യമാകുകയും ചെയ്ത ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകൾ വച്ച് വിജയ സാദ്ധ്യത വിലയിരുത്താനുള്ള ശ്രമങ്ങൾ താഴെത്തട്ടിൽ ആരംഭിച്ചിട്ടുണ്ട്.

കൂട്ടും കിഴിക്കും,​ വെട്ടും തിരുത്തും

എൻ.ഡി.എ

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എൻ.ഡി.എ മാവേലിക്കര പാർലമെന്റ് മണ്ഡലം കോർകമ്മിറ്റി കഴിഞ്ഞദിവസം സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂരിൽ ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയെങ്കിലും ബൂത്ത് തല വിവരങ്ങൾകൂടി ശേഖരിച്ച് മേയ് 1ന് പാർലമെന്റ്തല യോഗം ചേരാനാണ് തീരുമാനം. പ്രാഥമിക വിലയിരുത്തലിൽ മണ്ഡലത്തിലുടനീളം മൂന്നുമുതൽ നാലുശതമാനം വരെ വോട്ട് വർദ്ധിക്കുമെന്നാണ് എൻ.ഡി.എയുടെ ആദ്യറൗണ്ട് കണക്കുകൾ നൽകുന്ന സൂചന. ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും സ്വാധീനമുള്ള മണ്ഡലത്തിൽ മണ്ഡലം കമ്മിറ്റിനേതാക്കളും പഞ്ചായത്ത് തല കമ്മിറ്റികളുമായുള്ള ഓൺലൈൻ മീറ്റിംഗുകൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്.

എൽ.ഡി.എഫ്

ഇടതുമുന്നണിയുടെ മണ്ഡലതല വിലയിരുത്തൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ഇന്ന് തുടങ്ങും. 30000നും 50000നും ഇടയിൽ ഭൂരിപക്ഷത്തിൽ മാവേലിക്കര മണ്ഡലത്തിൽ അരുൺകുമാർ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തൽ. ആലപ്പുഴയിൽ ആരിഫിന്റെ വിജയം സുനിശ്ചിതമാണെന്ന് തിരഞ്ഞെടുപ്പ് ദിവസത്തെ ബൂത്ത് തല വിലയിരുത്തലിൽ വ്യക്തമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും ആവർത്തിച്ചു.

യു.ഡി.എഫ്

അരലക്ഷത്തോളം വോട്ടിന് കൊടിക്കുന്നിലും ആലപ്പുഴയിൽ കെ.സി വേണുഗോപാലും വിജയിക്കുമെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായ ബാബു പ്രസാദ് തിരുവനന്തപുരത്ത് നിന്ന് ആയുർവേദ ചികിത്സ കഴിഞ്ഞ് 30ന് മടങ്ങിയെത്തിയാലുടൻ ബൂത്ത് തല കണക്കുകളുടെ വിലയിരുത്തൽ നടക്കുമെന്ന് ഇലക്ഷൻ കമ്മിറ്റിയുടെ ചുമതലക്കാരനായ എ.എ ഷുക്കൂർ പറഞ്ഞു.

Advertisement
Advertisement