മുർഷിദാബാദിലെ 'മംഗാളി ' വോട്ടുകൾ മുഹമ്മദ് സലീമിന്

Monday 29 April 2024 12:45 AM IST

പശ്‌ചിമ ബംഗാളിൽ തെങ്ങും വാഴയും പച്ചപ്പുമെല്ലാമുള്ള മുർഷിദാബാദ് ജില്ലയിൽ ചെന്നാൽ മലയാളം പറയുന്ന ബംഗാളികളെ കാണാം. കേരളത്തിലെ ബംഗാളി തൊഴിലാളികളിൽ ഏറെയും ഇവിടുത്തുകാർ. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുർഷിദാബാദ് മണ്ഡലത്തിലാണ്.

ഉൾഗ്രാമമായ ഹരിഹർ പാഡയിൽ നാട്ടുകാരായ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ ടോട്ടോ എന്ന ഇ-റിക്ഷകൾ റോഡിനരികെ നിറുത്തി സ്ഥാനാർത്ഥിയെ കാത്തിരിക്കുന്നു. ടോട്ടോകളിൽ ഒരുമിച്ചുകെട്ടിയ കോൺഗ്രസിന്റെ ത്രിവർണ പതാകയും സി.പി.എമ്മിന്റെ ചെങ്കൊടിയും. കേരളത്തിലെ ആജന്മ ശത്രുക്കൾ...

44 ഡിഗ്രി ചൂട്. ഒരു കടത്തിണ്ണയിലേക്ക് കയറിപ്പോൾ ഒരു വിളി - 'സേട്ടാ... കേരളത്തിൽ നിന്നാണോ'. കേരളത്തിൽ 14 വർഷമായി മണൽവാരുന്ന മക്‌ബൂൽ. മലയാളം സംസാരിക്കും. ഗ്രാമത്തിലെ മിക്ക വീട്ടിലും കേരളത്തിൽ ജോലി ചെയ്യുന്നവരുണ്ട്.

പണി കുറഞ്ഞതും തിരഞ്ഞെടുപ്പും കാരണം മിക്കവരും നാട്ടിലെത്തി. ഇവിടെ കൃഷിപ്പണി മുഖ്യം. ചണം കൃഷിക്ക് പ്രശസ്‌തമാണിവിടം. പാട്ടത്തിനെടുത്ത പാടത്ത് പച്ചക്കറിയും കൃഷി ചെയ്യും.

മക്‌ബൂലുമായി സംസാരിക്കുമ്പോൾ പാലക്കാടും മലപ്പുറത്തും കോട്ടയത്തുമെല്ലാം ജോലിചെയ്യുന്ന മുറി മലയാളം സംസാരിക്കുന്ന കൂടുതൽ പേർ വന്നു. സാദിഖിന് എറണാകുളത്തേക്ക് ഉടൻ തിരിച്ചു പോകണം. ഇവിടെ പാടത്തെ പണിക്ക് 250-500 രൂപയാണ് കൂലി. മറ്റു ജോലികൾ കുറവ്. കേരളത്തിൽ 1000 രൂപയെങ്കിലും കിട്ടും. ഞങ്ങളുടെ ഗൾഫാണ് കേരളം - അവർ ആവർത്തിച്ചു. കൂടുതലും മേശരിമാരാണ്. പ്ളാസ്റ്ററിംഗ് വിദഗ്‌ദ്ധർ. അവരുടെ ഗ്രാമത്തിലെ തീപ്പെട്ടിക്കൂടുപോലുള്ള ഇഷ്ടിക വീടുകൾ തേച്ചിട്ടുപോലുമില്ല.

ഭരിക്കുന്ന തൃണമൂൽ നേതാക്കൾ ഫണ്ട് വെട്ടുന്നതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ടാർ ചെയ്യാത്ത റോഡ് ചൂണ്ടിക്കാട്ടി,10 ലക്ഷം അനുവദിച്ചിട്ട് ഒരു ലക്ഷത്തിന്റെ പണിപോലും നടന്നില്ല. റോഡരികിൽ പണിയുന്ന ഇരുനില കെട്ടിടം ഒരു പഞ്ചായത്ത് അംഗത്തിന്റേതാണെന്നും അഴിമതിപ്പണമാണെന്നും കുറ്റപ്പെടുത്തൽ. മുഹമ്മദ് സലീം ജയിച്ചാൽ മാറ്റം പ്രതീക്ഷിക്കുന്നു. വോട്ട് സലീമിനു തന്നെ.

സി.പി.എം-കോൺഗ്രസ് ഐക്യം ഗ്രാമത്തിൽ പ്രകടം. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്‌നമുള്ള തൊപ്പി ധരിച്ച റഹ്‌മാൻ മണ്ഡലിനോട് സി.പി.എമ്മിനെക്കുറിച്ച് ചോദിച്ചു. ആൾ കോൺഗ്രസുകാരനാണ്. താൻ തൊപ്പി ധരിച്ചതുപോലെ രണ്ടു കക്ഷികളും സഹകരിക്കുന്നു.

മുസ്ളീം ഭൂരിപക്ഷ മണ്ഡലത്തിൽ സിറ്റിംഗ് എം.പി തൃണമൂലിന്റെ അബു താഹിർ ഖാനാണ് സലീമിന്റെ മുഖ്യഎതിരാളി. ബി.ജെ.പിയുടെ ഗൗരി ശങ്കർ ഘോഷ്, ഐ.എസ്.എഫിന്റെ മുഹമ്മദ് ഹബീബ് ഷേഖ് എന്നിവരുമുണ്ട്. രണ്ടുതവണ ലോക്‌സഭാ എം.പിയായിട്ടുള്ള സലീം 2019ൽ റായ്ഗഞ്ചിൽ തോറ്റിരുന്നു.

Advertisement
Advertisement