വിദേശപഠനം; അറിയണം ഗുണനിലവാര നിയന്ത്രണം

Monday 29 April 2024 12:00 AM IST

ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. അതേസമയം നിരവധി വിദേശ രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ക്രമാതീതമായ വരവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. അടുത്തിടെ കാനഡയും ഓസ്‌ട്രേലിയയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സൂക്ഷ്മമായി വിലയിരുത്തിയാൽ അക്കാഡമിക് മികവുള്ള വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് മനസിലാക്കാം. ഉദാഹരണമായി അടുത്തിടെ ഓസ്‌ട്രേലിയ എടുത്ത നടപടിക്രമങ്ങൾ സമർത്ഥരായ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിനെത്തണം എന്ന ലക്ഷ്യത്തോടെയാണ്. ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് പ്രതിവർഷം ഓസ്‌ട്രേലിയയിലെത്തുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഗുണനിലവാരം, അക്കാഡമിക് മെരിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് പുതിയ സംവിധാനത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിന് ഇനി മുതൽ ഓസ്‌ട്രേലിയയിലേക്കു കടക്കാൻ കുറഞ്ഞത് 6.5 ബാൻഡ് നേടിയിരിക്കണം.

കൊവിഡിന് മുൻപും പിൻപും

.............................................................

കൊവിഡിനുശേഷം തൊഴിൽ സമയക്രമം പഴയരീതിയിലേക്കു പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് ഗവേഷണ പ്രോഗ്രാമുകൾ പഴയ രീതിയിൽ തുടരും.

അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കാണ് കൂടുതൽ നിയന്ത്രണം. പ്ലസ് ടുവിനുശേഷം ഓസ്‌ട്രേലിയയിൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് വിദ്യാർത്ഥികളുടെ അക്കാഡമിക് മെരിറ്റും ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ അനുവദിക്കുകയുള്ളൂ.

ഗുണനിലവാരം ഉറപ്പുവരുത്തുന്ന കാര്യത്തിൽ നിരവധി വികസിത രാജ്യങ്ങൾ പരസ്പരം മത്സരിക്കുകയാണ്. കൊവിഡിന് ശേഷം അനേകം സർവ്വകലാശാലകൾ ഇംഗ്ലീഷ്, മറ്റു പ്രാവീണ്യ പരീക്ഷകളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ പ്രസ്തുത ഇളവുകൾ അക്കാഡമിക് നിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് കാരണം.

തൊഴിൽ ലഭ്യത എളുപ്പമല്ല

...............................................

വിദേശത്തേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് താമസസൗകര്യങ്ങളിലുള്ള അപര്യാപ്തതയ്ക്കും ഭീമമായ വാടക വർദ്ധനവിനും ഇടവരുത്തിയിട്ടുണ്ട്. ജീവിത ചെലവിലുണ്ടായ വൻ വർദ്ധനവ് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാനഡയിലും യു.കെയിലും അപ്പാർട്‌മെന്റുകൾ ലഭിക്കാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു. മാത്രമല്ല വിവിധ രാജ്യങ്ങളിൽ തദ്ദേശീയർക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പാർട്ട്ടൈം തൊഴിൽ ലഭിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വേതനത്തിൽ കൂടുതൽ ദൂരം യാത്ര ചെയ്ത് പാർട്ട്ടൈം തൊഴിൽ കണ്ടെത്തേണ്ട സ്ഥിതി, പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവ നിലനിൽക്കുന്നു. പഠനശേഷം മിക്ക രാജ്യങ്ങളും പോസ്റ്റ് സ്റ്റഡി വർക്ക് വിസ ഓഫർ ചെയ്യുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെ തൊഴിൽ കണ്ടെത്തേണ്ട ഗതികേടിലാണ്. സർവകലാശാലകളിലെ പ്ലേസ്‌മെന്റ് വിഭാഗത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നില്ല. അമേരിക്കയൊഴികെയുള്ള രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിന് വിദ്യാർത്ഥികൾ തൊഴിൽ ചെയ്യേണ്ടിവരുന്നു. അംഗീകാരമില്ലാത്ത കനേഡിയൻ സർവകലാശാലകളിൽ പ്രവേശനം നേടി കബളിപ്പിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചുവരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ കാനഡയിൽ നിന്ന് വ്യാജ സർവകലാശാലയുടെ പേരിൽ തിരിച്ചു വരേണ്ടി വന്നത് അടുത്തിടെയാണ്.

വിദ്യാർത്ഥികൾ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ച് നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താൻ ശ്രമിക്കണം. പ്രാവീണ്യ പരീക്ഷകളിൽ ഇളവ് നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന എജൻസികളുണ്ട്. അപേക്ഷിക്കും മുമ്പ് സർവകലാശാലകളുടെ ലോക റാങ്കിംഗ് നിലവാരം വിലയിരുത്തണം. ഓരോ രാജ്യത്തുമുള്ള വിദ്യാഭ്യാസ പ്രൊവൈഡേഴ്‌സ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകും. ഉദാഹരണമായി USIEF, BRITISHCOUNCIL, DAAD, CAMPUS FRANCE എന്നിവ യഥാക്രമം അമേരിക്ക, യു കെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്ന സർക്കാർ ഏജൻസികളാണ്.

അറിയണം സ്കോളർഷിപ്പുകൾ

................................................

വിദേശപഠനത്തിനു ലഭിക്കാവുന്ന സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഫ്രാൻസിൽ ആറുമാസത്തെ ഉപരിപഠനം പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷത്തെ ഷെങ്കൺ വിസ ലഭിക്കും. അമേരിക്കയിലെ കുറഞ്ഞ വേതനം പ്രതിവർഷം 70000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. യു.കെ, കാനഡ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും വിലയിരുത്തി വ്യക്തമായ ഫണ്ടിംഗ് പ്ലാനുകൾ തയ്യാറാക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനു സാദ്ധ്യതകൾ വർദ്ധിച്ചു വരുന്നു. നെതർലൻഡ്‌സ്, ജർമ്മനി എന്നിവ ഇവയിൽപ്പെടുന്നു. സ്‌കോളർഷിപ്പുകൾ ലഭിക്കാൻ പ്രാവീണ്യ പരീക്ഷകളിൽ മികച്ച സ്‌കോർ നേടണം. അതിനാൽ വിദേശപഠനത്തിനു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ചിട്ടയോടെ പ്രാവീണ്യ പരീക്ഷകൾക്ക് തയ്യാറെടുക്കണം.

Advertisement
Advertisement