ഒരു മാസത്തിനിടെ 11 കവർച്ചകൾ; മോഷ്ടാക്കൾ 'പരിധിക്ക് പുറത്ത് '

Monday 29 April 2024 12:04 AM IST

കാസർകോട്: ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് 11 കവർച്ചകൾ. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ ചിത്രങ്ങൾ അടക്കം കിട്ടിയിട്ടും ഒരാളെപ്പോലും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ 7ന് ഉപ്പളയിലെ ആക്സസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന അമ്പതുലക്ഷം രൂപയടങ്ങുന്ന പെട്ടി വാഹനത്തിന്റെ ചില്ലുപൊളിച്ച് കൊണ്ടുപോയത് പട്ടാപ്പകൽ. ഈ കേസിൽ തമിഴ്നാട് സ്വദേശികളായ വൻകവർച്ചാ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒരു മാസത്തേളമായിട്ടും ഇവർ 'പരിധിക്ക് പുറത്ത് ' ആണ്. ഇതിനു പിന്നാലെ ബദിയടുക്കയിൽ ഒരു ദിവസം തന്നെ മൂന്ന് വീടുകളിൽ കവർച്ച നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഉപ്പള, കുമ്പള, ബംബ്രാണ, ആരിക്കാടി തുടങ്ങിയിടങ്ങളിലും കവർച്ച നടന്നിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഉപ്പള മജലിലെ കപ്പൽ ജീവനക്കാരനായ റഫീഖിന്റെ വീട്ടിലും കവർച്ച നടന്നു. ആറു പവൻ സ്വർണ്ണവും 75000 രൂപയുമാണ് ഈ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. റഫീഖും കുടുംബവും ഉംറ നിർവ്വഹിക്കാൻ മക്കയലേക്ക് പോയസമയത്താണ് കവർച്ച. കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവുമാണ് കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് പൊളിച്ചു കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ബദിയടുക്ക ഷേടിക്കാനയിലെ മുഹമ്മദ് ഷാഫിയുടെ വീട് കുത്തിതുറന്ന് 15 പവൻ സ്വർണ്ണം കവർന്നിരുന്നു. സമീപത്തെ മറ്റ് രണ്ട് പ്രവാസികളായ മുഹമ്മദ് കലന്തർ, അബ്ദുൾ ഖാദർ എന്നിവരുടെ വീടുകളിൽ വാതിൽ കുത്തിത്തുറന്ന് കവർച്ചാശ്രമവും നടത്തിയിരുന്നു.

നാട്ടുകാർ ഭീതിയിൽ

കവർച്ച പെരുകിയതോടെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. രാത്രി കാല പരശോധന പൊലീസ് പേരിന് മാത്രമാണ് നടത്തുന്നത്. കൃത്യമായ വിവരങ്ങൾ അറിയുന്നവരാണ് ഓരോ വീട്ടലേയും കവർച്ചയ്ക്ക് പിന്നിലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആളില്ലാ വീടുകൾ കണ്ടെത്തി കവർച്ച നടത്തുന്നതിന് വലിയ ഒരു സംഘം തന്നെ ജില്ലയുടെ പല ഭാഗത്തും പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ രേഖാചിതങ്ങൾ പോലും ഉണ്ടാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

നാട്ടുകാർ

Advertisement
Advertisement