കൂടുതൽ നേതാക്കൾ പോയേക്കും ഡൽഹി കോൺഗ്രസിൽ പ്രതിന്ധി: പി.സി.സി അദ്ധ്യക്ഷൻ രാജിവച്ചു

Monday 29 April 2024 12:56 AM IST

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അർവിന്ദർ സിംഗ് ലവ്‌ലി രാജിവച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലുമുള്ള അതൃപ്തിയിലാണ് രാജി.

നേരത്തെ മുൻമന്ത്രി രാജ്കുമാർ ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. കൂടുതൽ ഡൽഹി നേതാക്കൾ പാർട്ടി വിടുമെന്ന് സൂചനയുണ്ട്. 2015ൽ ആം ആദ്മി പാർട്ടി കൂറ്റൻ ഭൂരിപക്ഷത്തിൽ ഡൽഹി നിയമസഭയിലേക്ക് ജയിച്ചപ്പോൾ അന്നും അർവിന്ദർ സിംഗ് ലവ്‌ലി പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഡൽഹിയുടെയും ഹരിയാനയുടെയും ചുമതലയുള്ള എ.ഐ.സി.സി ഇൻ ചാർജ്ജ് ദീപക് ബാബറിയയുമായുള്ള ഭിന്നതയും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയുന്നുണ്ട്.

സീറ്റ് ലഭിക്കാത്തതിൽ ലവ്‌ലി അതൃപ്തനാണെന്നും, ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കുമെന്നും ചില കോൺഗ്രസ് നേതാക്കൾ സൂചന നൽകുന്നു. ദേശീയ നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിലും പ്രാദേശിക നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം, കോൺഗ്രസിലെ പ്രശ്നങ്ങൾ തങ്ങളുടെ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രചാരണം. രാജ്യതലസ്ഥാനത്ത് ഏഴു ലോക്‌സഭാ സീറ്റുകളാണുള്ളത്. 'ഇന്ത്യ' സഖ്യത്തിന്റെ സീറ്ര് ധാരണപ്രകാരം ആം ആദ്മി നാലിടത്തും കോൺഗ്രസ് മൂന്നിടത്തുമാണ് മത്സരിക്കുന്നത്. മേയ് 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

കനയ്യകുമാറിനോടും അതൃപ്തി

ലോക്സഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല, താൻ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോട് വിട്ടുവീഴ്ചയില്ലാത്തതു കൊണ്ടാണ് രാജിവച്ചതെന്ന് അർവിന്ദർ സിംഗ് ലവ്‌ലി പ്രതികരിച്ചു. സ്ഥാനം മാത്രമാണ് രാജിവച്ചത്. പാർട്ടിയിൽ നിന്നല്ല.ആം ആദ്മി നേതാക്കൾ അഴിമതിക്കേസിൽ ജയിലിലാണ്. എന്നിട്ടും ആ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലാണ് എതിർപ്പ്. പ്രവർത്തകരുടെ താത്പര്യം സംരക്ഷിക്കാൻ കഴിയാത്തതിനാൽ പദവിയിൽ തുടരുന്നില്ല. കോൺഗ്രസിന്റെ നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കനയ്യകുമാർ, അഴിമതിക്കേസിൽ ജയിലിൽ കിടക്കുന്ന കേജ്‌രിവാളിനെ പുകഴ്ത്തുന്നു. കനയ്യയുടെ പ്രവൃത്തികൾ പാർട്ടി ലൈനിന് വിരുദ്ധമാണെന്നും ലവ്‌ലി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

അരവിന്ദർ സിംഗ് ലവ്‌ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. മുൻ കോൺഗ്രസ് എം.എൽ.എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്‌ലിക്കൊപ്പമുള്ള പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.

Advertisement
Advertisement