കുടുംബപോരാട്ടം ഒഴിഞ്ഞ ഡുംകയിൽ തീപാറും

Monday 29 April 2024 12:57 AM IST

ന്യൂഡൽഹി: ജാർഖണ്ഡിലെ പട്ടികവർഗ സംവരണ മണ്ഡലമായ ഡുംക ബി.ജെ.പിക്കും ജാർഖണ്ഡ് മുക്തി മോർച്ചക്കും (ജെ.എം.എം) ദേശീയതലത്തിൽ നിർണായകമാണ്. ഇ.ഡി കേസിൽ അറസ്റ്റിലായ ജെ.എം.എമ്മിന്റെ വർക്കിംഗ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ റാഞ്ചിയിലെ ജയിലിലിരുന്ന് തന്ത്രങ്ങൾ മെനയുന്നു. 'ഇന്ത്യ" സഖ്യത്തിനു കീഴിൽ കോൺഗ്രസുമായി കൈകോർത്ത്, ബി.ജെ.പിക്ക് തക്കതായ മറുപടി നൽകുകയാണ് ലക്ഷ്യം. ജയിലിൽ കിടന്ന് ഹേമന്ത് സോറൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജെ.എം.എമ്മിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയ സോറന്റെ ഏട്ടത്തി സീതാ സോറനാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി. അന്തരിച്ച മൂത്ത സഹോദരൻ ദുർഗാ സോറന്റെ ഭാര്യയാണ് സീതാ സോറൻ.

ഇളയ സഹോദരനും മന്ത്രിയും ഡുംക എം.എൽ.എയുമായ ബസന്ത് സോറൻ, മുഖ്യമന്ത്രി ചമ്പയ് സോറൻ, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് താക്കൂർ എന്നിവരുമായി ജയിലിൽ ചർച്ച നടത്തിയ ഹേമന്ത് സോറൻ തീരുമാനം മാറ്റി. കുടുംബപോരാട്ടം മോശം സന്ദേശം നൽകുമെന്ന പാർട്ടി വികാരം കണക്കിലെടുത്തായിരുന്നു ഇത്. പകരം, പാർട്ടിയുടെ മുതിർന്ന നേതാവ് നളിൻ സോറനെ സ്ഥാനാർത്ഥിയാക്കി. ജെ.എം.എം അദ്ധ്യക്ഷൻ ഷിബു സോറന്റെ മകനാണ് ഹേമന്ത് സോറൻ. 2019ൽ ഷിബു സോറനെ 47,​590 വോട്ടുകൾക്കാണ് ബി.ജെ.പിയിലെ സുനിൽ സോറൻ പരാജയപ്പെടുത്തിയത്. സി.പി.ഐയിലെ രാജേഷ് കുമാർ കിസ്കുവാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രധാന സ്ഥാനാർത്ഥി. ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്.

2019ലെ ഫലം

 സുനിൽ സോറൻ (ബി.ജെ.പി)- 4,​84,923 വോട്ടുകൾ (47.26%)​

 ഷിബു സോറൻ (ജെ.എം.എം)- 4,37,333 വോട്ടുകൾ (42.63%)​

 സേനാപതി മുർമു (സി.പി.എം)- 16,157 വോട്ടുകൾ (1.57%)​

ക്യാപ്ഷൻ: സീതാ സോറൻ, നളിൻ സോറൻ, രാജേഷ് കുമാർ കിസ്കു

Advertisement
Advertisement