വനാവകാശരേഖ ലഭിച്ചിട്ടും ജീവിതം ദുരിതപൂർണം

Monday 29 April 2024 2:58 AM IST

പാലോട്: ചെറ്റച്ചൽ സമരഭൂമിയിലെ 33 കുടുംബങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരുപിടി മണ്ണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ആഗസ്റ്റ് 25 ന് മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വനാവകാശ രേഖ ലഭിച്ചെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും ഇവരുടെ ജീവിതം ദുരിതപൂർണം തന്നെ. ഈ കുടുംബങ്ങൾക്ക് വീട്, വൈദ്യുതി തുടങ്ങിയവ ഉൾപ്പെടെയുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്ന് വനാവകാശരേഖ നൽകുന്നവേളയിൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അതും പാഴ്വാക്കായി. മഴക്കാലമെത്തുമ്പോൾ സമരഭൂമിയിലെ ഓരോ മനസുകളിലും ഭയത്തിന്റെ വെള്ളിടി വെട്ടും. ചോർന്നൊലിക്കുന്ന ടാർപോളിൻ മേഞ്ഞ കുടിലുകളിൽ പിഞ്ചുകുഞ്ഞുങ്ങളെ മാറോടടക്കി വീർപ്പുമുട്ടിയാണ് ഇവിടുത്തുകാർ കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള ഒരു കൊച്ചുവീടായിരുന്നു ഇവരുടെ ഏക സ്വപ്നം. ഓരോ കുടുംബങ്ങളും കൈവശം വച്ചിട്ടുള്ള ഭൂമിയിൽ കൃഷി ചെയ്തിട്ടുണ്ട്. പക്ഷേ വന്യമൃഗശല്യം കാരണം യാതൊരു പ്രയോജനവും കിട്ടാറില്ല. ഇതിനെല്ലാം ഉടൻ പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും സമരഭൂമിയിലെ ജനങ്ങൾ. സോളാർ വേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കാൻ സർക്കാർ തയാറായാൽ കൂടുതൽ കൃഷി ചെയ്ത് അല്ലലില്ലാതെ കഴിയാമെന്ന വിശ്വാസം ഇവർക്കുണ്ട്.

 ആശങ്കയിൽ കുടുംബങ്ങൾ

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2003 ഏപ്രിൽ 21നാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി സമരം ആരംഭിച്ചത്. 19 വർഷമായി സമരം നടത്തിയ ഇവർക്ക് സ്വന്തം ഭൂമിയെന്ന ആവശ്യം നിറവേറ്റിയെങ്കിലും വൈദ്യുതി ലഭിക്കാത്ത പ്രാഥമിക സൗകര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട 38 കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടിയിട്ടുള്ളത്. ചിമ്മിനി വിളക്കിലാണ് ഇവരുടെ ഓരോ രാത്രിയും കടന്നുപോകുന്നത്. രണ്ടുമാസത്തേക്ക് അര ലിറ്റർ മണ്ണെണ്ണയാണ് ഇവർക്ക് ലഭിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മണ്ണെണ്ണ തീരും. പിന്നെ ആശ്രയം ഡീസലും മെഴുകുതിരിയുമാണ്. ഇനിയും ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കിയ രേഖ ലഭിച്ചുവെങ്കിലും വീടോ വൈദ്യുതിയോ ലഭിക്കാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന ആശങ്ക ഇവർക്കുണ്ട്.

****ആനുകൂല്യങ്ങളും അന്യം

അടച്ചുറപ്പില്ലാത്ത വീടുകളിൽ അന്തിയുറങ്ങുന്ന ഈ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളും അന്യമാണ്. വനാവകാശരേഖ ലഭിച്ച് ഒരു വർഷം പൂർത്തിയായിട്ടും യാതൊരുവിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവർക്കെങ്കിലും ലഭിച്ചിട്ടില്ല. ഇവർക്ക് ലഭിച്ച രേഖകൾ പ്രകാരം ലോൺ എടുക്കുന്നതിനോ ക്രയവിക്രയങ്ങൾക്കോ സാദ്ധ്യമല്ല. താമസം ചോർന്നൊലിക്കുന്ന കൂരകളിലാണെങ്കിലും നിലവിൽ ലൈഫ് പദ്ധതിയിൽ പോലും ഇവരുടെ പേരില്ല. കുറച്ചുപേർക്കെങ്കിലും വീട്ടുനമ്പർ കിട്ടിയത് അടുത്തിടെയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല. സമരഭൂമിയിലെ ചില വീടുകൾ സ്വന്തമായി വൈദ്യുതീകരിക്കുന്ന നടപടികൾ സ്വീകരിച്ചെങ്കിലും വളരെ പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് ഇതുവരെയും ഇതിന് കഴിഞ്ഞിട്ടില്ല.



ചെറ്റച്ചൽ സമരഭൂമിയിൽ ഒരു ദിവസം പോലും കുടിൽ കെട്ടി താമസിക്കാത്തവർക്കും ഭൂമി ലഭിച്ചെന്ന ആക്ഷേപമുണ്ട്. രാഷ്ട്രീയക്കാരുടെ പിന്തുണയും ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചപ്പോൾ അനർഹരും ഭൂമി നേടി. ഇത്തരക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.-

പത്മാലയം മിനി ലാൽ
പ്രവാസി, കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

Advertisement
Advertisement