കൃഷിപാടത്ത്,​ നെല്ല് വരമ്പത്ത്

Monday 29 April 2024 1:05 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കൊയ്‌ത്തു കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണം ഒരിടത്തുമെത്തിയില്ല. അമ്പലപ്പുഴ തെക്ക് കൃഷി ഭവന് കീഴിലുള്ള നടുക്കേമേലത്തും കരി പാടശേഖരത്തെ കർഷകരാണ് ദുരിതത്തിലായത്. പത്തുദിവസത്തോളമായി

കൊയ്ത നെല്ല് റോഡിൽ പല ഭാഗത്തും കൂട്ടിയിട്ടിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് പാഡി ഓഫീസറുടെ നിർദ്ദേശപ്രകാരം പാലക്കാട്ട് നിന്ന് മില്ലുകാർ എത്തി സാമ്പിളുകൾ ശേഖരിച്ചിരുന്നു. പിന്നീട് ഒരു അറിയിപ്പും ഉണ്ടായില്ല. കഴിഞ്ഞ ദിവസം കർഷകർ മില്ലുകാരെ ഫോണിൽ വിളിച്ചപ്പോൾ ഉടനെ അവർക്ക് നെല്ല് വേണ്ടെന്ന മറുപടിയാണ് കിട്ടിയത്. ഒന്നര ദിവസം ഇടവിട്ട് തറപ്പാള മാറ്റി നെല്ല് വെയിലുകൊള്ളിക്കണം. ഇതിന് 1200 രൂപയോളം കർഷകർക്ക് ചെലവാകുന്നുണ്ട്.

നെല്ലെടുക്കാൻ ആളില്ല

1.രണ്ടുകൃഷി നടത്തുന്ന പാടശേഖരമാണ് നടുക്കേമേലത്തും കരി. 73 ഏക്കമുള്ള പാടശേഖരത്തിൽ 53 കർഷകരുണ്ട്. അധികവും ചെറുകിട കർഷകരാണ്

2.സൗജന്യമായി വിത്ത് ലഭിക്കുന്നത് കൊണ്ടും പാടശേഖരത്ത് വെള്ളം കയറ്റിയിട്ടാൽ പുറംബണ്ടിലെ താമസക്കാരുടെ വീടുകളിൽ വെള്ളം കയറുമെന്നതും കൊണ്ടാണ് രണ്ടു കൃഷിയും ചെയ്യുന്നത്

3. ഏക്കറിന് 30,000 രൂപ വരെ കർഷകർക്ക് ചെലവാകും. പലിശക്കെടുത്തും സ്വർണം പണയം വച്ചുമൊക്കെയാണ് കർഷകർ കൃഷി ഇറക്കിയത്

4. വേനൽ മഴ വന്നാൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. അധികൃതർ ഇടപെട്ട് പാടശേഖരത്തിലെ മുഴുവൻ നെല്ലും സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം

മൂന്ന വർഷമായി പാടശേഖത്തിന് ലഭിക്കാനുള്ള പമ്പിംഗ് നേർമ്മ ലഭിച്ചിട്ട്. പാടശേഖര സമിതി സ്വയം പണം കണ്ടെത്തിയാണ് പമ്പിംഗ് നടത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ വിതച്ചതാണ്. ഇത്രയും കഷ്ടപ്പെട്ട് കൃഷി ചെയ്ത നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറാകാത്തത് കർഷകരോടുള്ള അവഗണനയാണ്

-ഷാജി,​ സെക്രട്ടറി,​ നടുക്കേമേലത്തും കരി പാടശേഖര സമിതി

Advertisement
Advertisement