മഴ പെയ്തെങ്കിലും ആശ്വാസമില്ല,​ കോട്ടയത്ത് ചുട്ടുപൊള്ളുന്നു

Sunday 28 April 2024 10:21 PM IST

കോട്ടയം: രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ പുറത്തേയ്ക്ക് ഇറങ്ങിയാൽ പൊള്ളും. വീട്ടിലിരുന്നാൽ വിയർത്തൊഴുകും. മുറിയിൽ എ.സിയും പുറത്ത് കുടയുമില്ലാത്തതിനെ പറ്റി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ. പകൽച്ചൂടും രാത്രിയിൽ അസ്വഭാവിക ഉഷ്ണവുംകൊണ്ട് പൊറുതിമുട്ടുകയാണ് കോട്ടയംകാർ. അങ്ങിങ്ങായി മഴ പെയ്തെങ്കിലും തെല്ലും ആശ്വാസമാകുന്നില്ല. ഇടവേളയ്ക്കു ശേഷം ഏതാനും ദിവസങ്ങളായി പകൽചൂട് വീണ്ടും ഉയരുകയാണ്. കാറ്റ് തീരെയില്ലാത്തത് ഉഷ്ണം വർദ്ധിപ്പിക്കുന്നു. മുൻപ് മൂന്നോടെ ചൂട് കുറഞ്ഞിരുന്നുവെങ്കിൽ, ഇപ്പോൾ നാലു കഴിഞ്ഞാലും അസ്വസ്ഥത തുടരുന്നു. ചൂട് കൂടിയതോടെ തളർന്നും കുഴഞ്ഞും വീഴുന്നവരുടെ എണ്ണവും കൂടി. ഇരുചക്രവാഹനങ്ങളിലെ യാത്ര പലരും ഒഴിവാക്കുകയാണ്. പരമാവധി കാറിലാക്കുന്നു യാത്ര. ഓട്ടോറിക്ഷയും ബസും ആശ്രയിക്കുന്നവരുടേയും എണ്ണം വർദ്ധിച്ചു.

ഇന്നലത്തെ ചൂട് 38.7 ഡിഗ്രി

പ്രശ്നങ്ങൾ ഏറുന്നു
ചർമ രോഗങ്ങൾ വർദ്ധിക്കുന്നു

സ്വകാര്യ ഭാഗങ്ങളിൽ ഫംഗസ് ബാധ

സൂര്യഘാതമേറ്റ് പൊള്ളൽ

പെയ്ത മഴയ്ക്ക് ഗുണമില്ലാതായി

അത്യുഷ്ണത്തിൽ ഉരുകുമ്പോഴും ശരാശരി മഴപെയ്ത ഏക ജില്ല കോട്ടയമാണ്. സമീപജില്ലകളിലെല്ലാം മഴ കുറവാണ്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 178.1 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 150.3 മില്ലീമീറ്റർ പെയ്തു. 16% മാത്രമാണ് കുറവ്. സാധാരണമഴ കൂടുതലുള്ള പത്തനംതിട്ടയിൽ 34 % മഴക്കുറവുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളുടെ പല പ്രദേശങ്ങളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് ഉയരുന്ന രീതിയിലാണ് മഴ പെയ്തത്. എന്നാൽ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നില്ല.

Advertisement
Advertisement