സുരക്ഷാ ജീവനക്കാരന് മർദ്ദനം: ജീവനക്കാർ പ്രതിഷേധിച്ചു

Monday 29 April 2024 1:38 AM IST

മണ്ണാർക്കാട്: സുരക്ഷാജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് ഗവ.താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഇത്തരം അതിക്രമങ്ങൾ തുടരുകയും ശക്തമായ നടപടികൾ എടുക്കാത്തപക്ഷവും ഒ.പി ബഹിഷ്‌കരണം ഉൾപ്പടെയുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനായ കെ.വിഘ്‌നേഷിന് സന്ദർശകന്റെ മർദ്ദനമേറ്റത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ഇയാളെ വാർഡിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
ആശുപത്രി സൂപ്രണ്ട് ഡോ. പി.സീമാമു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാംദാസ് അദ്ധ്യക്ഷനായി. ഡോ.ബിജി കുര്യൻ, നഴ്സിങ് സൂപ്രണ്ട് ഗിരിജ, സി.ടി.സതീശൻ, കെ.അനീഷ്, സുരക്ഷാ ജീവനക്കാരൻ കെ.വിഘ്‌നേഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement