 നൈറ്റ് കഫേ അടിച്ചു തർക്ക സംഭവം: കൂട്ടുപ്രതികൾക്കായി അന്വേഷണം

Monday 29 April 2024 1:15 AM IST

കൊച്ചി: പനമ്പള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തർക്ക കേസിലെ കൂട്ടുപ്രതികൾ ഒളിവിൽ. ഇവർക്കായി എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം എത്തിയ നാലുപേർക്കായാണ് അന്വേഷണം.

കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിലുണ്ടായ വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്നു യുവതി. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം കൂട്ടത്തല്ലാവുകയായിരുന്നു. ഇതിനിടെ ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിച്ചു. ഇതിന് പ്രതികാരമായിരുന്നു പിന്നീടുള്ള ആക്രണം. ലീന പനമ്പിള്ളിനഗറിൽത്തന്നെയുണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി 10.15 ഓടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബാൾ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്‌കൊച്ചി സ്വദേശി അമൻ അഷ്‌കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. അറസ്റ്റിലായവരുടെ പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Advertisement
Advertisement