മീറ്റർ മാറ്റിവെക്കാൻ എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി

Monday 29 April 2024 1:28 AM IST

മാന്നാർ : മീറ്റർ മാറ്റിവെക്കാൻ എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരെ സി.പി.എം പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. സി.ഐ. ടി. യു അംഗങ്ങളായ മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ ഷാജി, വർക്കർ സുനിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. സി.പി.എം നേതാവും മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പാവുക്കര കയ്യത്രയിൽ കെ.ഐ തോമസ് (മണി കയ്യത്ര), മകൻ ഡീക്കൻ തോമസ് എന്നിവർക്ക് എതിരെയാണ് അസി.എൻജിനിയർ മാന്നാർ പൊലീസിൽ പരാതി നൽകിയത്. തോമസിന്റെ വീടിന്റെ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജീവനക്കാർ വീട്ടിലെത്തിയത് നിലവിലിരിക്കുന്ന മീറ്റർ ബോർഡ് ജീർണ്ണാവസ്ഥയിൽ ഉള്ളതാണെന്നും ഇലക്ട്രിക്കൽ വയർമാനെ വിളിച്ച് വയറിങ് പൂർത്തിയാക്കി മീറ്റർ ബോക്സ് സ്ഥാപിച്ചതിനു ശേഷം മാത്രമേ മീറ്റർ മാറ്റി സ്ഥാപിക്കുവാൻ കഴിയുകയുള്ളു എന്നും സബ് എഞ്ചിനീയർ അറിയിച്ചപ്പോൾ തോമസും മകനും കൂടി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഷാജിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈദ്യൂതി ബോർഡ് ജീവനക്കാർ മീറ്റർ മാറ്റിവെയ്കുന്നതിന് പണം ആവശ്യപ്പെട്ടുവെന്നും ഇത് നൽകാത്തതിനാൽ പിതാവിനെ ബോർഡ് ജീവനക്കാർ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നും തോമസിന്റെ മകൻ ഡീക്കൻ തോമസ് കയ്യത്ര പറഞ്ഞു. തോമസും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തോമസിന്റെ പരാതിയിൽ വൈദ്യുതി ജീവനക്കാർക്കെതിരെയും മാന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement
Advertisement