ഹരിത കർമ്മ സേനാംഗങ്ങളെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി

Monday 29 April 2024 1:15 AM IST

ചാരുംമൂട്: വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ ജോലിക്കുണ്ടായിരുന്ന ഹരിത കർമ്മസേനാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി

പരാതി. ഇന്നലെ വൈകിട്ട് ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തിയാണ് എസ്.ഐ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്.

പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി ഗവ. എൽ.പി.എസ്, പയ്യനല്ലൂർ ഡബ്ല്യു.എൽ.പി.എസ്, ഉളവുക്കാട് ആർ.സി.വി എൽ.പി.എസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉണ്ടായിരുന്ന ഹരിത കർമ്മ സേനാംഗങ്ങളോട് അകാരണമായി കയർത്തു സംസാരിക്കുകയും പൊതുജനമധ്യത്തിൽ വച്ച് അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ പഞ്ചായത്ത് പരിധിയിലെ 24 ബൂത്തുകളിലേക്കും ഹരിത ചട്ട പ്രകാരം ഹരിത കർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് സെക്രട്ടറി ജോലിക്ക് നിയോഗിച്ചിരുന്നു.

ഇന്നലെ വൈകിട്ട് വനിതാ പഞ്ചായത്തംഗങ്ങളുടെയും സി.ഡി.എസ് ചെയർപേഴ്സൻ്റെയും സാന്നിധ്യത്തിലാണ് സേനാംഗങ്ങൾ പോലീസ് സ്റ്റേഷനിത്തി പരാതി നൽകിയത്.

എന്നാൽ ബൂത്തുകളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഹരിത കർമ്മ സേനാംഗങ്ങൾ, എൻ.എസ്.എസ് പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരെ ബൂത്തുകളിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒഴിവാകാൻ ഇവരോട് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നാണ് സി.ഐ പറയുന്നത്.

Advertisement
Advertisement