കരിഞ്ഞുണങ്ങി ഏലം,​ കരഞ്ഞ് കർഷകർ

Monday 29 April 2024 12:51 AM IST

പീരുമേട്: വേനൽ മഴയും ചതിച്ചതിനെ തുടർന്ന് ഏലം കൃഷിയെല്ലാം കരിഞ്ഞുണങ്ങിയത് കർഷകരെ ദുരിതത്തിലാക്കി. എല്ലാ വർഷവും ലഭിക്കുന്ന വേനൽ മഴ ഈ വർഷം ഇതുവരെ ലഭിക്കാതെ വന്നതോടെയാണ് ചെറുകിട കർഷകർ വൻ പ്രതിസന്ധിയിലായത്. മുൻ വർഷങ്ങളിൽ ജനുവരി,​ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏതെങ്കിലും സമയത്ത് കിട്ടുന്ന വേനൽമഴ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. ഈ വർഷം ഏപ്രിൽ മാസം തീരാറായിട്ടും വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഏതാനും ആഴ്ചയ്ക്ക് മുമ്പ് പീരുമേട്ടിൽ ചെറിയ തോതിൽ മാത്രമാണ് ഹൈറേഞ്ചിൽ മഴ ലഭിച്ചത്. എല്ലാ പ്രദേശങ്ങളിലും മഴ കിട്ടിയുമില്ല. ഹൈറേഞ്ചിൽ അമ്പത് സെന്റ് മുതൽ ഒരേക്കറിലും രണ്ടേക്കറിലും കൃഷി ചെയ്യുന്ന ധാരാളം ചെറുകിട ഏലക്കർഷകർ ഉണ്ട്. മഴയെ മാത്രം ആശ്രയിച്ച കൃഷി ചെയ്യുന്ന ചെറുകിട കർഷകരാണ് ഇവരിലധികവും. കടുത്ത വേനലായാൽ വെള്ളം നനച്ചു കൊടുക്കാനുള്ള സൗകര്യം ഇവർക്കില്ല. തണൽ വിരിച്ചാണ് പലരും ഏലക്കൃഷി ചെയ്യുന്നത്. കുളം കുത്തി കൃഷി നടത്താനുള്ള സൗകര്യം ചെറുകിട ഏല കർഷകർക്ക് പലർക്കുമില്ല. ജലസേന സൗര്യങ്ങളും കുറവുള്ള പ്രദേശങ്ങളാണ് കൂടുതലും. വൻകിട ഏലക്കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കുളങ്ങളും ജലസേചന സൗകര്യവും പമ്പ് സെറ്റുപയോഗിച്ച്‌ വേനൽക്കാലത്തും വെള്ളം നനയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. ആനവിലാസം, വണ്ടൻമേട്, ചക്കുപള്ളം തുടങ്ങിയ പ്രദേശത്ത് വൻതോതിൽ ഏലം കൃഷി ചെയ്തുവരുന്നത് ഇങ്ങനെയാണ്. എന്നാൽ ഈ ജലസ്രോതസുകളും കൊടിയ വേനലിൽ വറ്റിവരളുകയാണ്. കഠിനമായ വേനലിൽ ഏലത്തിന്റെ തട്ട ഒടിഞ്ഞും കരിഞ്ഞുണങ്ങിയും ഏലം മറിയുന്നു. വേനൽ മഴ ലഭിച്ചിരുന്നെങ്കിൽ വളരെ പെട്ടെന്ന് പുഷ്പിച്ച്, പുതിയ ശരം മുളച്ച് ഏലയ്ക്ക സീസൺ ആദ്യം തന്നെ ആരംഭിക്കുമായിരുന്നു.

വില കുതിക്കുന്നു

ഏലക്കൃഷിയെല്ലാം കരിഞ്ഞുണങ്ങിയതോടെ ഏലയ്ക്കാ വില കുതിച്ചുയരുകയാണ്. ഈ വർഷം സീസണിൽ ഏലക്കായ്ക്ക് തുടക്കത്തിൽ 600, 700 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോൾ അത് രണ്ടായിരം രൂപയ്ക്ക് മുകളിലായി. ശനിയാഴ്ച തേക്കടി കേരള കാർഡമം പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കമ്പനി നടത്തിയ ലേലത്തിൽ ശരാശരി വില 2134 രൂപയും പരമാവധി വില 2708 രൂപയുമായിരുന്നു. ചെറുകിട ഏലം കർഷകനെ സംബന്ധിച്ചിടത്തോളം ഏലത്തിന്റെ ഉത്പാദന ചെലവ് കൂടുതലായി. കീടനാശിനിയുടെയും വളത്തിന്റെയും വില ക്രമാതീതമായി വർദ്ധിച്ചു.

Advertisement
Advertisement