ഉദ്യോഗസ്ഥരെയും രോഗികളെയും വലയ്‌ക്കുന്ന റെയിൽവേ പരിഷ്കരണം

Monday 29 April 2024 12:10 AM IST

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതുകാരണം ഉദ്യോഗസ്ഥരും രോഗികളുമാണ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. എന്നിട്ടും അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.

തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചാൽ വലിയൊരു വിഭാഗം സർക്കാർ,​സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ആശ്വാസമാണ്. പേട്ടയിലിറങ്ങിയാൽ നിയമസഭ,​ആരോഗ്യ ഡയറക്ടറേറ്ര്,​പബ്ളിക്ക് ഓഫീസ്,​യൂണിവേഴ്സിറ്റി,​റിസർവ് ബാങ്ക്,​കണ്ണാശുപത്രി എന്നിവിടങ്ങളിൽ എളുപ്പത്തിലെത്താം. തമ്പാനൂരിലെത്തി പോകുന്നത് സമയനഷ്ടമുണ്ടാക്കുന്നു.

ടെക്കികളും നട്ടം തിരിയുന്നു

തലസ്ഥാനത്ത് ദിവസേന വന്നുപോകുന്ന ടെക്കികളും ഇതുകാരണം ദുരിതമനുഭവിക്കുകയാണ്. കൊല്ലം,​ആലപ്പുഴ ജില്ലകളിൽ നിന്ന് ടെക്നോപാർക്ക്,ഇൻഫോസിസ്,​യു.എസ്.ടി ഗ്ളോബൽ,​ടാറ്റ എലക്‌സി എന്നീ സ്ഥാപനങ്ങളിലെത്തുന്നവരാണ് വലയുന്നത്. പേട്ടയിൽ സ്റ്റോപ്പുണ്ടെങ്കിൽ ഇവിടെ നിന്ന് ബസിൽ പോകാനാണ് എളുപ്പം. എന്നാൽ തമ്പാനൂരിലെത്തി പോകുന്നത് സമയനഷ്ടവും അധികച്ചെലവുമാണെന്ന് ഇവർ പറയുന്നു.

നിറുത്തുന്നത് ചുരുക്കം,​

നിറുത്താത്തത് കൂടുതൽ

പേട്ട റെയിൽവേ സ്റ്റേഷനിൽ നിറുത്തുന്ന ട്രെയിനുകൾ ചുരുക്കമാണ്. എറണാകുളത്തു നിന്ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്‌പ്രസിന് പേട്ടയിൽ സ്റ്റോപ്പില്ല. സർക്കാർ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന ട്രെയിനാണിത്. 9.30ന് പേട്ടയിലെത്തുന്ന ട്രെയിൻ നിറുത്തിയാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇതുവഴി അവരുടെ ഓഫീസുകളിൽ എളുപ്പത്തിലെത്താം. പ്രധാനപ്പെട്ട ട്രെയിനുകളിൽ രാത്രി 8.50നുള്ള മംഗലാപുരം എ‌ക്‌സപ്രസിനാണ് ആകെ പേട്ടയിൽ സ്റ്റോപ്പുള്ളത്. വൈകിട്ട് കൊല്ലം ഭാഗത്തേക്കുള്ള മാവേലി,വ‍ഞ്ചിനാട്,​അമൃത,​ഇന്റർസിറ്റി എക്‌പ്രസുകൾക്കും സ്റ്റോപ്പില്ല.

Advertisement
Advertisement