മണിപ്പൂരിൽ അക്രമം തുടരുന്നു, വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

Monday 29 April 2024 12:22 AM IST

ഇംഫാൽ: മണിപ്പൂരിലുണ്ടായ അക്രമ പരമ്പരകളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം കുക്കി വിഭാഗക്കാരുടെ അക്രമത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചതിനുപിന്നാലെ വീണ്ടും വെടിവയ്പുണ്ടാകുകയായിരുന്നു. കാങ്‌പോക്പി ജില്ലയിൽ ഇന്നലെ രാവിലെ രണ്ട് സായുധ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുത്രുക് ഗ്രാമത്തിൽ തോക്കുധാരികൾ കാങ്‌പോക്പിയിലെ കുന്നിൻ മുകളിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.

താഴ്‌വരയിലെ സായുധ സംഘം തിരിച്ചടിക്കുകയും ഒരാൾ കൊല്ലപ്പെടുകയുമായിരുന്നു. തുടർന്ന് അക്രമങ്ങൾ സമീപ ഗ്രാമങ്ങളായ കഡങ്ബന്ദ്, സെൻജാം ചിരാംഗ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച ജവാന്മാരുടെ പോസ്റ്റ്മോ‌ർട്ടം കഴി‌ഞ്ഞു. സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ (55)​, ഹെഡ്‌കോൺസ്റ്റബിൾ അരൂപ് സൈനി (40)​ എന്നിവരുടെ മൃതദേഹങ്ങൾ നാടുകളിലേക്ക് കൊണ്ടുപോകും.

ഉടൻ പിടികൂടും

കുറ്രവാളികളെ ഉടൻ പിടികൂടുമെന്നും സുപ്രധാന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചു. അതിനിടെ,​

ആക്രമണത്തിൽ തങ്ങളുടെ സമുദായത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമം നടക്കുന്നതായി മെയ്‌തി,​ കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പരസ്പരം ആരോപിച്ചു.

കഴി‌ഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പുലർച്ചെ 2.15വരെ വെടിവയ്‌പ് തുടർന്നു. ഐ.ആർ.ബി ക്യാമ്പിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കുന്നുകളിൽ നിന്നാണ് കുക്കികൾ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ അക്രമം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂരിൽ നടന്ന രണ്ട് ഘട്ടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

മണിപ്പൂരിൽ കഴിഞ്ഞ വർഷം മേയ് മാസത്തിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. കുറ്റവാളികൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയെന്ന് സി.ആർ.പി.എഫ് അറിയിച്ചു.

Advertisement
Advertisement