വീടിന് തീയിട്ട് വികൃതി പൂച്ച !

Monday 29 April 2024 8:22 AM IST

ബീജിംഗ്: പൂച്ചകളെ അരുമകളായി വളർത്തുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ പൂച്ചകളുടെ വികൃതികൾ പലപ്പോഴും നമുക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. അത്തരത്തിൽ ചൈനയിൽ വളർത്തുപൂച്ച കാട്ടിയ വികൃതിയുടെ ഫലമായി ഒരു കുടുംബത്തിനുണ്ടായത് 1,00,000 യുവാനിലേറെ ( 11,67,641 രൂപ ) നഷ്ടമാണ്. ഏപ്രിൽ നാലിനായിരുന്നു സംഭവം. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഡാൻ ഡാൻ എന്ന സ്ത്രീക്ക് ഒരു ഫോൺ കോൾ വന്നു. ഡാൻ ഡാന്റെ വീടിന് തീപിടിച്ചെന്നായിരുന്നു ആ ഫോൺ കോളിലൂടെ ലഭിച്ച സന്ദേശം. വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച ഡാൻ ഡാനെ ഞെട്ടിച്ചു. ഒന്നാം നില പൂർണമായും കത്തിനശിച്ചു. ഇതിന് കാരണം മറ്റാരുമായിരുന്നില്ല. അവരുടെ വളർത്തു പൂച്ചയായിരുന്നു. അടുക്കളയിലിരുന്ന ഇൻഡക്ഷൻ കുക്കർ പൂച്ച അബദ്ധത്തിൽ ഓണാക്കിയതാണ് തീപിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തി. ' ജിൻഗൂഡിയാവോ ' എന്നാണ് ഈ വികൃതി പൂച്ചയുടെ പേര്. അടുക്കളയിൽ കളിക്കുന്നതിനിടെ പൂച്ച ഇൻഡക്ഷൻ കുക്കറിലെ ടച്ച് പാനലിൽ കയറിയതാണ് പ്രശ്നമായത്. ഏതായാലും പൂച്ച ഒരു പോറൽ പോലുമില്ലാതെ രക്ഷപ്പെട്ടത് അത്ഭുതമായി. ഗോൾഡൻ ബ്രിട്ടീഷ് ഷോർട്ട്ഹെയർ ഇനത്തിൽപ്പെട്ട പൂച്ച വീടിനുള്ളിലെ കോണിപ്പടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. ശരീരം മുഴുവനും ചാരം പൊതിഞ്ഞ നിലയിലുണ്ടായിരുന്ന പൂച്ചയെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പുറത്തെത്തിച്ചത്. അതേ സമയം, ഇൻഡക്ഷൻ കുക്കറിലെ വൈദ്യുതി വിതരണം ഓഫാക്കാതെ പോയതിനാൽ തെറ്റ് തന്റെ ഭാഗത്താണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഡാൻ ഡാൻ പറഞ്ഞു. ഏതായാലും സംഭവത്തോടെ പൂച്ച ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി.

Advertisement
Advertisement