എങ്ങനെയുണ്ട് ഞങ്ങൾ !

Monday 29 April 2024 8:22 AM IST

രൂപത്തിലും രുചിയിലും ഗുണത്തിലും വ്യത്യസ്തത നിറഞ്ഞ പഴങ്ങൾ

 പൈനാപ്പിളല്ല

പൈനാപ്പിളിന്റെ രുചിയും മണവുമുള്ള ഒരു സ്ട്രോബെറി... അതാണ് ഹൂലാബെറി. പൈൻബെറി, ആൽപൈൻ ബെറി, വൈറ്റ് സ്ട്രോബെറി തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. വടക്കേ അമേരിക്കയിൽ ഉത്ഭവിച്ച പൈൻബെറി റെഡ് സ്ട്രോബറി, ചിലിയൻ വൈറ്റ് സ്ട്രോബറി എന്നിവയിൽ ക്രോസ് പോളിനേഷൻ നടത്തിയാണ് ഹൂലാബെറികൾ ഉത്പാദിപ്പിക്കുന്നത്. വാൾമാർട്ട്, ആമസോൺ എന്നിവ വഴി ഇതിന്റെ വിത്തുകൾ ലഭിക്കും. സാധാരണ സ്ട്രോബെറിയേക്കാൾ വലിപ്പം അല്പം കുറവാണിവയ്ക്ക്. തിളങ്ങുന്ന ചുവന്ന വിത്തുകളാണിവയ്ക്ക്.

 പഞ്ഞി മിഠായി പോലെ...

കണ്ടാൽ പച്ച നിറത്തിലെ സാധാരണ മുന്തിരിങ്ങയാണെിലും ' കോട്ടൺ കാൻഡി ഗ്രേപ്‌സ് " എന്നറിയപ്പെടുന്ന ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നാവിലേക്ക് വയ്‌ക്കുന്നുടനെ അലിഞ്ഞു ചേരുന്ന പിങ്ക് നിറത്തിലെ കോട്ടൺ കാൻഡി അഥവാ പഞ്ഞി മിഠായിയുടെ അതേ രുചിയാണ് കോട്ടൺ കാൻഡി ഗ്രേപ്‌സിനും. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രേപ്പെറി എന്ന കമ്പനിയാണ് ഇവയുടെ നിർമാതാക്കൾ. 2011ലാണ് ആദ്യമായി ഇവയെ വിപണിയിലെത്തിച്ചത്.

സാധാരണ മുന്തിരിയിൽ നിന്നും 12 ശതമാനം അധികം പഞ്ചസാര കോട്ടൺ കാൻഡി ഗ്രേപ്‌സിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച രുചിയോടും ഗുണത്തോടും കൂടിയ മുന്തിരി ഇനങ്ങളിൽ കൃത്രിമ പരാഗണം നടത്തിയാണ് കോട്ടൺ കാൻഡി ഗ്രേപ്‌സിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. യാതൊരു വിധ കൃത്രിമ നിറങ്ങളോ ഫ്ലേവറുകളോ ഇവയിൽ ചേർത്തിട്ടില്ല.

 അപൂർവ ഡയമണ്ട്

ടിബറ്റൻ മലനിരകളിൽ മാത്രം കാണപ്പെടുന്ന ഇരുണ്ട നിറത്തിലെ ആപ്പിളുകളാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിളുകൾ. പേരിൽ ബ്ലാക്ക് ഉണ്ടെങ്കിലും ഇരുണ്ട പർപ്പിൾ നിറമാണ് ഇവയ്ക്ക്. ചൈനീസ് റെഡ് ഡെലീഷ്യസ് ആപ്പിളുകളുടെ കുടുംബത്തിൽപ്പെട്ടവയാണ് ഇവ. പ്രത്യേക തിളക്കവും മെഴുകു പോലയുള്ള പുറവുമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിളുകളുടെ മറ്റൊരു പ്രത്യേകത.

പക്ഷേ, അകത്ത് സാധാരണ ആപ്പിളുകളെ പോലെ വെളുത്ത നിറമാണ്. മാത്രമല്ല, രുചിയും മണവുമെല്ലാം സാധാരണ ആപ്പിളുകളെ പോലെയാണ്. ടിബറ്റിലെ നൈയിംഗ്ചി പ്രദേശത്താണ് ഇവ വളരുന്നത്. ഇവിടെ രാത്രിയും പകലും അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനമാണ് ഈ അപൂർവ നിറത്തിന്റെ കാരണം. പകൽ സമയങ്ങളിൽ ഇവിടെ കൂടുതൽ സൂര്യപ്രകാശവും അൾട്രാവയലറ്റ് രശ്‌മികളും ലഭിക്കുന്നു.

അതേ സമയം, രാത്രിയിൽ വിപരീതമായി താപനിലയിൽ ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നു. ഈ പ്രദേശത്ത് മാത്രം വളരുന്നവയും എണ്ണം തീരെ കുറഞ്ഞവയുമായതിനാൽ തിരഞ്ഞെടുക്കപ്പെട്ട വൻ കിട സൂപ്പ‌ർമാർക്കറ്റുകളിൽ മാത്രമേ ബ്ലാക്ക് ഡയമണ്ട് ആപ്പിളുകൾ വില്‌ക്കുകയുള്ളു.

ഇത്തിരിക്കുഞ്ഞൻ

മുന്തിരിയോളം മാത്രം വലിപ്പമുള്ള കുക്കാമെലനെ പുറമേ നിന്ന് കണ്ടാൽ ഇത്തിരി കുഞ്ഞൻ തണ്ണിമത്തനായി തോന്നും. എന്നാൽ ഉള്ളിൽ വെള്ളരിക്കയാണ്. ! നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്തു വരുന്നതാണ് ഇവ. നാരങ്ങയുടെ പുളിയോട് കൂടിയ വെള്ളരിക്കയോടാണ് ഇവയുടെ രുചിയെ താരതമ്യപ്പെടുത്തുന്നത്. മിനറൽ, വിറ്റാമിൻ, ഫൈബർ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വള്ളിച്ചെടിയായി പടർന്നുകയറുന്നവയാണ് കുക്കാമെലൻ. മൗസ് മെലൻ എന്നും ഇവയ്ക്ക് പേരുണ്ട്.

 ബെറി...ബെറി...

മധുരവും എരിവും കലർന്ന രുചിയോട് കൂടിയ പഴമാണ് ടേബെറി. ബ്ലാക്ക്‌ബെറി,​ റെഡ് റാസ്പ്‌ബെറി എന്നിവയുടെ ഹൈബ്രിഡ് ഇനമാണിത്. ജാം, വൈൻ, ബിയർ, കേക്ക് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന വലിപ്പം കൂടിയ ഇവ 1970കളുടെ അവസാനത്തോടെയാണ് ഉത്ഭവിച്ചത്. സ്കോട്ട്‌ലൻഡിലെ ടേ നദിയുടെ പേരിൽ നിന്നാണ് ടേബെറിയ്ക്ക് ഇങ്ങനെയൊരു പേര് വന്നത്. കോൺ ആകൃതിയിലുള്ള ടേബെറികൾ പഴുക്കുമ്പോൾ ചുവപ്പ് കലർന്ന പർപ്പിൾ നിറമാണ്.

Advertisement
Advertisement