മസ്‌ക് ചൈനയിൽ

Monday 29 April 2024 8:23 AM IST

ബീജിംഗ്: ചൈനയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ടെസ്‌ല, സ്‌പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ചൈന കൗൺസിൽ ഫോർ പ്രമോഷൻ ഒഫ് ഇന്റർനാഷണൽ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്ക് ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിംഗിലെത്തിയത്.

ടെസ്‌‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് ചൈന. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗുമായി മസ്ക് ചർച്ച നടത്തി. ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കുന്നത് സംബന്ധിച്ച് മറ്റ് ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അതേ സമയം, ഈ മാസം 21ന് മസ്ക് ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ടെസ്‌ലയിലെ ഭാരിച്ച ജോലികൾ മൂലം യാത്ര മാ​റ്റിവച്ചതായി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയിലെ ടെസ്‌ല വൈദ്യുതി കാർ പദ്ധതി പ്രഖ്യാപനവുമായിരുന്നു മസ്ക് ലക്ഷ്യമിട്ടിരുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement