ഇറാക്കിൽ  ടിക്‌ ടോക്ക്  താരത്തെ വെടിവച്ചു കൊന്നു

Monday 29 April 2024 8:23 AM IST

ബാഗ്‌ദാദ്: ഇറാക്കിൽ ടിക്‌ ടോക്ക് താരത്തെ വെടിവച്ചുകൊന്നു. ഒം ഫഹദ് എന്ന പേരിൽ പ്രശസ്തയായ ഗുഫ്രാൻ സവാദിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബാഗ്‌ദാദിന് കിഴക്കുള്ള സയൗന ജില്ലയിലുള്ള വസതിക്ക് പുറത്തുവച്ചായിരുന്നു സംഭവം. തന്റെ കാറിനുള്ളിലിരുന്ന യുവതിക്ക് നേരെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പ്രതി കറുത്ത വസ്ത്രവും ഹെൽമെറ്റും ധരിച്ചിരുന്നു.

പോപ്പ് ഗാനങ്ങൾക്ക് ചുവടുവച്ചുള്ള വീഡിയോകളിലൂടെയാണ് ഒം ഫഹദ് പ്രശസ്തയായത്. എന്നാൽ വീഡിയോകൾ അശ്ലീല ഉള്ളടക്കം നിറഞ്ഞതാണെന്ന് കാട്ടി ഇറാക്ക് കോടതി യുവതിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. വീഡിയോകളുടെ പേരിൽ യുവതിക്ക് ഭീഷണികളുമുണ്ടായിരുന്നു. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ഇറാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement