അബദ്ധത്തിൽ വെടിയുതിർത്തു, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Tuesday 30 April 2024 1:43 AM IST

കാഞ്ഞാർ: ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. തൊടുപുഴ സ്വദേശി ഇ.എച്ച്. ഫൈസലിനെയാണ് (37) ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തോക്കുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ വച്ചാണ് വെടി പൊട്ടിയത്. വെടി തറയിലേയ്ക്കായതിനാൽ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തെക്കുറിച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോക്ക് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ അശ്രദ്ധയാണ് നടപടിക്ക് കാരണം. തൊടുപുഴ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ സുരക്ഷയ്ക്കായാണ് ഫൈസലിനെ നിയമിച്ചിരുന്നത്. പൊലീസ് പാറാവിന് ഉപയോഗിക്കുന്ന പിസ്റ്റളിൽ നിന്നാണ് വെടി ഉതിർന്നത്. തോക്കുകൾ സൂക്ഷിക്കുമ്പോൾ ഇത് ലോഡ് ചെയ്തു വയ്ക്കാറില്ല. ലോഡായിരുന്ന ഉണ്ടയാണ് പൊട്ടിയത്.

Advertisement
Advertisement