ഊട്ടിക്ക് പോകാൻ ഇ-പാസ് വേണം, മേയ് 7 മുതൽ ജൂൺ 30 വരെ

Tuesday 30 April 2024 4:35 AM IST

 ഊട്ടിയിൽ ചൂട് 29 ഡിഗ്രി

ചെന്നൈ: സന്ദർശക തിരക്ക് നിയന്ത്രിക്കാൻ തിമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലും കൊടൈക്കനാലിലും മേയ് 7 മുതൽ ജൂൺ 30 വരെ വാഹനങ്ങൾക്ക് ഇ-പാസ് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സീസണുകളിൽ ടൂറിസ്റ്റുകളുടെയും വാഹനങ്ങളുടെയും അനിയന്ത്രിത തിരക്ക് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നെന്ന പൊതുതാത്പര്യ ഹർജിയിലാണ് വിധി.

വാഹനത്തിരക്ക് കാരണം നാട്ടുകാർക്ക് അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ സമയത്തിനെത്താൻ പോലും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വേനലവധിക്ക് ദിവസം 20,000 വാഹനങ്ങൾ വരെ ഊട്ടിയിലെത്തുന്നുണ്ട്. നീലഗിരി,​ ഡിണ്ടുഗൽ ജില്ലാ ഭരണകൂടങ്ങളാണ് പാസ് നൽകേണ്ടത്.

ഇ-പാസിനോപ്പം ഓൺലൈൻ ടോളും ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും കോടതി നിദ്ദേശിച്ചു. അങ്ങനെയെങ്കിൽ ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് ഒഴിവാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം,​ കൊടുംചൂടിൽ തണുപ്പുതേടിപ്പോകുന്ന ഊട്ടിയിലും ഇപ്പോൾ റെക്കോഡ് ചൂടാണ്. ഞായറാഴ്ച 29 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 1951ലാണ് ഇത്രയും ചൂട് ഊട്ടിയിൽ അനുഭവപ്പെട്ടിട്ടുള്ളത്.

Advertisement
Advertisement