30 ലക്ഷം രൂപ പാഴായി,​ അവഗണനയയിൽ ഒരു പകൽവീട്

Tuesday 30 April 2024 1:22 AM IST
ഉപ്പുതോട് ചിറ്റടിക്കവലയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം

ചെറുതോണി: വർഷങ്ങൾക്ക് മുൻപ് പകൽവീടിനും ഗ്രാമകേന്ദ്രത്തിനും വേണ്ടി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് ചിറ്റടിക്കവലയിലാണ് അധികൃതരുടെ അവഗണനയുടെ സ്മാരകമായി കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക് ഒരു വിശ്രമകേന്ദ്രവും ആശ്രയവുമെന്ന പ്രശംസനീയമായ പദ്ധതിയുടെ ഭാഗമായാണ് പകൽവീട് നിർമ്മിച്ചത്. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ കെട്ടിടം ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പഞ്ചായത്ത് മറുപടി നൽകി. ഇതിനെതിരെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകിയപ്പോൾ കെട്ടിടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും നൽകിയ വിവരങ്ങൾ തെറ്റാണെന്നും കണ്ടെത്തി. ഇതേ കോംമ്പൗണ്ടിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പകൽ വിടും നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം 2020 നവംബറിൽ നടത്തിയെങ്കിലും ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. പകൽവീട് പഞ്ചായത്തിനു കൈമാറാത്തതുമൂലമാണ് പ്രവർത്തനമാരംഭിക്കാത്തതെന്ന് പറയുന്നു. നോക്കി നടത്താൻ ആളില്ലാതെ വന്നതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി. 2021 ജനുവരി 16ന് ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ കെട്ടിടത്തിന്റെ ജനാലചില്ലുകൾ തകർത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കടത്തിക്കൊണ്ടുപോയിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ പരാതി കൊടുക്കാത്തതിനാൽ തുടർ നടപടിയുണ്ടായില്ല.

എന്നിനി

ആരംഭിക്കുമെന്നറിയാതെ....

നാട്ടുകാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സ്ഥാപനം ഇത്തരത്തിൽ കൊള്ളയടിക്കപ്പെട്ടത് അധികൃതർ സിസംഗതയോടെ നോക്കിക്കാണുകയായിരുന്നു. 30 ലക്ഷം മുടക്കി നിർമ്മിച്ച കെട്ടിടമായിട്ടും ഇനിയും നോക്കി നടത്താൻ ആളില്ലാത്തതുമൂലം കെട്ടിടം നശിക്കുകയാണ്. എന്നിനി പ്രവർത്തനം ആരംഭിക്കുമെന്ന് പറയാൻ അധികൃതർക്ക് ഇനിയുമാകുന്നില്ല.

Advertisement
Advertisement