ചൈനയിൽ ടെസ്‌ല വിപണി വിപുലമാക്കാൻ മസ്ക്

Tuesday 30 April 2024 7:55 AM IST

ബീജിംഗ്: ചൈനീസ് വിപണിയിൽ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാൻ നിർണായക ധാരണകൾ ഉറപ്പിച്ച് ഇലോൺ മസ്ക്. കഴിഞ്ഞ ദിവസമാണ് ടെസ്‌ല, സ്‌പേസ് എക്സ് സ്ഥാപകനും എക്സ് ഉടമയുമായ മസ്ക് ചൈനയിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയത്. ചൈനീസ് വിപണിയിൽ വില്പനയിലുണ്ടായ ഇടിവു നികത്താൻ ഡേറ്റാ സെക്യൂരിറ്റി മാനദണ്ഡങ്ങളിൽ ഇളവുകൾ ലക്ഷ്യമിട്ടാണ് സന്ദർശനം.

ടെസ്‌ല വാഹനങ്ങളിലെ ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയർ അവതരിപ്പിക്കാൻ ചൈനീസ് ടെക് ഭീമനായ ബെയ്‌ഡുവുമായി ധാരണയിലെത്തിയെന്നാണ് വിവരം. എന്നാൽ ഇരുവിഭാഗവും പ്രതികരിച്ചിട്ടില്ല.

ചൈനീസ് ഡേറ്റ രാജ്യത്തിനുള്ളിൽ തന്നെ കൈകാര്യം ചെയ്യണമെന്നായിരുന്നു ടെസ്‌ലയ്ക്ക് നൽകിയിരുന്ന നിർദ്ദേശം. ചില ഡേറ്റകൾ ചൈനയ്ക്ക് പുറത്തുകൊണ്ട് പോകുന്നത് സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗുമായി ഞായറാഴ്ച മസ്ക് ചർച്ച നടത്തിയിരുന്നു. ഇത് അംഗീകരിച്ചാൽ ചൈനീസ് വിപണിയിൽ ഒരു വിദേശ വാഹന നിർമ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ വഴിത്തിരിവാകും.

ഡേറ്റ സുരക്ഷ പരിഗണിച്ച് ചൈനീസ് സൈന്യം ടെസ്‌ല വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ഡേറ്റ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് മസ്‌ക് അറിയിച്ചു.

ഇതേ ദിവസം തന്നെ ടെസ്‌ലയുടെ പ്രാദേശികമായി നിർമ്മിച്ച മോഡലുകൾ ചൈനയുടെ ഡേ​റ്റ സുരക്ഷാ ആവശ്യകതകൾ നിറവേ​റ്റുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽപ്പെടുത്തിയത് മസ്കിന്റെ വിജയമായി.

ഈ മാസം 21ന് നടക്കേണ്ടിയിരുന്ന ഇന്ത്യാ സന്ദർശനം ടെസ്‌ലയിലെ ഭാരിച്ച ജോലികൾ മൂലം മസ്ക് മാ​റ്റിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയിലെ ടെസ്‌ല വൈദ്യുതി കാർ പദ്ധതി പ്രഖ്യാപനവുമായിരുന്നു മസ്ക് ലക്ഷ്യമിട്ടിരുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.

 ടെസ്‌‌ലയുടെ

രണ്ടാം വിപണി

 ടെസ്‌‌ല ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന

 തദ്ദേശീയ ബ്രാൻഡുകളുമായി വിലയിലുള്ള മത്സരം മൂലം ടെസ്‌ലയുടെ വിൽപ്പനയിൽ ഇടിവ്

 ആഗോള തലത്തിലും ടെസ്‌ല പ്രതിസന്ധി നേരിടുന്ന ഘട്ടം

 ഓട്ടോപൈല​റ്റ് സംവിധാനം സ്ഥാപിക്കാൻ 20 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു

 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനം

 അതിനാൽ ചൈനീസ് വിപണി നിലനിറുത്തേണ്ടത് അനിവാര്യം


Advertisement
Advertisement