ഇത് കേരളത്തിലാണ്; ബീഫുണ്ടാക്കാത്ത ഹൃദ്രോഗിയായ അമ്മയെ തല്ലിച്ചതച്ചു, ചപ്പാത്തിക്കോലുകൊണ്ടും മർദനം

Tuesday 30 April 2024 12:18 PM IST

കൊച്ചി: ബീഫ് കറിവച്ചു നൽകാത്തതിന്റെ ദേഷ്യത്തിൽ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം നഗരമദ്ധ്യത്തിലെ വീട്ടിലാണ് സംഭവം. മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടിൽ ജൂണി കോശി (76) തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് ചികിത്സതേടി. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിലൂടെ ജൂണി നൽകിയ പരാതിയിൽ മകൻ എൽവിൻ കോശിയെ (47) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. 25ന് രാവിലെയായിരുന്നു സംഭവം.

രണ്ട് മക്കൾക്കൊപ്പമാണ് ജൂണി കോശി കഴിയുന്നത്. സംഭവദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായ എൽവിൻ ബീഫുമായി വീട്ടിലെത്തി. അമിത മദ്യലഹരിയിലായിരുന്ന ഇയാൾ. ഉടൻ ബീഫ് കറിവച്ചു നൽകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു.

എന്നാൽ ഇപ്പോൾ കറിവച്ചു നൽകാനാവില്ലെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിൽ ജൂണിയെ മകൻ തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം വീടിന് പുറത്തേയ്ക്ക് ഓടിയ ഇവർ സമീപത്തെ വനിതാ ഹോസ്റ്റലിൽ അഭയംതേടി. പിന്തുടർന്നെത്തിയ മകൻ, ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഹോസ്റ്റലിലിട്ടും മൃഗീയമായി മർദ്ദിച്ചു.

ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു നിറുത്തിയും മർദ്ദനം തു‌ടർന്നു. ഹോസ്റ്റൽ അന്തേവാസികളാണ് ജൂണിയെ രക്ഷപ്പെടുത്തിയത്. അമ്മയെ മകൻ മ‌ർദ്ദിക്കുന്ന രംഗങ്ങൾ ഹോസ്റ്റൽ അന്തേവാസികൾ പകർത്തിയിരുന്നു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ കൈയിലെത്തിയതോടെയാണ് വിവരം പൊലീസറിയുന്നത്. എൽവിൻ മുമ്പും അമ്മയെ മർദ്ദിച്ചതിന് പൊലീസ് പിടിയിലായിട്ടുണ്ട്. അന്ന് അമ്മ പരാതി നൽകാൻ കൂട്ടാക്കിയിരുന്നില്ല.

പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ജൂണി ജീവൻ നിലനിറുത്തുന്നത്. നെഞ്ചിലടക്കം ക്രൂരമർദ്ദനമേറ്റെങ്കിലും പേസ്‌മേക്കറിന് തകരാറില്ലെന്ന് പൊലീസ് പറഞ്ഞു. എൽവിനെ രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Advertisement
Advertisement