അഭിനയിച്ചും കഥകൾ പറഞ്ഞും സഫലം അംഗങ്ങളായ വയോധികർ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ

Wednesday 01 May 2024 6:05 PM IST

പാലാ: കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്ന സ്ഥാപനത്തിലേക്ക് നടത്തിയ സന്ദർശനം അഭിനയവും കഥ പറച്ചിലുകളും കൊണ്ട് അവിസ്മരണീയമാക്കി സഫലം 55 പ്ലസ് അംഗങ്ങൾ. തിരക്കഥകൾ എങ്ങനെ തയ്യാറാക്കാം, അഭിനയം, സംവിധാനം, ആനിമേഷൻ, ഷൂട്ടിംഗ്, പുത്തൻ സാങ്കേതിക വിദ്യ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും വിദഗ്ദ്ധർ അംഗങ്ങൾക്ക് വിശദീകരിച്ചു.

ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടിലെ തീയേറ്ററുകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ചവയാണ്. ഷോർട്ട് ഫിലിം നിർമ്മാണം,അഭിനയം തുടങ്ങി മുതിർന്ന പൗരൻമാർക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ ഒരാഴ്ചയോളം നീളുന്ന റസിഡൻഷ്യൽ പ്രോഗ്രാം നടത്താൻ ഇൻസ്റ്റിറ്റിയൂട്ട് തയ്യാറാണെന്ന് അറിയിച്ചത് അംഗങ്ങൾക്ക് സന്തോഷ വാർത്തയായി.

കാഞ്ഞിരമറ്റത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഈ സ്ഥാപനം ദേശീയ പ്രാധാന്യം ഉള്ളവയും കേരളത്തിലെ ആദ്യത്തേതുമാണ്. ഇൻസ്റ്റിറ്റിയൂട്ട് ഡീൻ ഇൻ ചാർജ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സഫലം അംഗങ്ങളെ സ്വീകരിച്ചു. സഫലം 55 പ്ലസ് സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, ജയിംസ് മാത്യു എന്നിവർ നേതൃത്വം നൽകി. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന 55 വയസ് കഴിഞ്ഞവർക്കുള്ള സംഘടനയാണ് സഫലം 55 പ്ലസ്.

Advertisement
Advertisement