ആസിഡ് ആക്രമണത്തിൽ യുവാവിന്റെ കാഴ്ചനഷ്ടമായ കേസിൽ പ്രതിക്ക് 10 വർഷത്തെ തടവ്

Wednesday 01 May 2024 1:24 AM IST

കൊച്ചി: ആസിഡ് ആക്രമണത്തിൽ യുവാവിന്റെ കാഴ്ചനഷ്ടമായ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. ഉദയംപേരൂർ ഒട്ടോളി സ്വദേശി സുനിലിനെയാണ് എറണാകുളം ആറാം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം തടവുകൂടി അനുഭവിക്കണം. പിഴത്തുക യുവാവിന് നൽകണം.
2019 ഏപ്രിൽ 28ന് രാത്രി 11.30നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ അരുൺ എന്ന യുവാവിന്റെ മുഖത്ത് മദ്യം വാങ്ങുന്നതിന് പണം കൊടുക്കാത്തതിലുള്ള വിരോധത്തിൽ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ഇടതുകണ്ണിന്റെ കാഴ്ചനഷ്ടമാവുകയും മുഖത്തും ഇടതുതോളിനും പൊള്ളലേൽക്കുകയും ചെയ്തു.

ഉദയംപേരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായിരുന്ന സി.വി. ഐപ്പ്, ഷിബിൻ എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.ടി. ജെസ്റ്റിൻ, അഡ്വ.കെ. ജ്യോതി എന്നിവർ ഹാജരായി.

Advertisement
Advertisement