ബംഗാൾ തിരഞ്ഞെടുപ്പിൽ ചണം പ്രതിസന്ധിയും

Wednesday 01 May 2024 12:26 AM IST

പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, നാദിയ, നോർത്ത് 24 പർഗാനാസ്, കൂച്ച് ബെഹാർ, ഹൂഗ്ലി, മാൾഡ, ദക്ഷിണ ദിനാജ്പൂർ ജില്ലകളിലൂടെ യാത്ര ചെയ്യുമ്പോൾ വീടുകൾക്ക് മുന്നിൽ ചൂരൽ വണ്ണമുള്ള ചണത്തണ്ടുകൾ കറ്റകളായി അടുക്കി വച്ചിരിക്കുന്നത് കാണാം. മലയാളി​ക്ക് തെങ്ങുപോലെയാണ് ഇവിടെ ചണം. രാജ്യത്തെ ചണം ഉൽപാദനത്തിന്റെ നാലിൽ മൂന്നും ബംഗാളിലെ 5.15 ലക്ഷം ഹെക്ടറിലാണ്. ടിറ്റാഗഡ്, ജഗത്ദത്ത്, ബഡ്‌ജ് ബഡ്‌ജ്, ഹൗറ, ഭദ്രേശ്വർ എന്നിവ പ്രധാന കേന്ദ്രങ്ങൾ.

മില്ലുകളി​ൽ ഉൽപാദനം കുറച്ചതും മഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രശ്‌നങ്ങളും ചണകൃഷി​​ പ്രതി​സന്ധി​യി​ലാക്കി. പ്ളാസ്റ്റിക് ചാക്ക് കൂടിയതും ബാധി​ച്ചു. ചാക്ക് ഒാർഡറിൽ 3.5 ലക്ഷം ബെയിൽസ് (ചണക്കെട്ട്)കുറവുണ്ടായി. മില്ലുകൾ 20-25 ശതമാനം ഉൽപാദനം കുറച്ചു. നിരവധി മില്ലുകൾ പൂട്ടി. കേന്ദ്രസർക്കാർ സംഭരണം കുറച്ചതോടെ ഇടനി​ലക്കാർക്ക് കുറഞ്ഞ വി​ലയ്‌ക്ക് വി​ൽക്കേണ്ടി​ വരുന്നു. മില്ലുകൾ കർഷകരിൽ നിന്ന് നേരിട്ട് ചണം വാങ്ങുന്നില്ല. 40 ലക്ഷം കർഷകരും 2.5 ലക്ഷം മിൽ തൊഴിലാളികളും പ്രതിസന്ധിയിലാണ്. പലരും ചോളം കൃഷിയിലേക്ക് മാറുന്നു. കർഷകർ കേരളത്തിലേക്കും മറ്റും തൊഴിലുകൾക്കായി പോകുന്നു.കേന്ദ്ര-സംസ്ഥാന പദ്ധതികൾ തൊഴിലാളികൾക്ക് മെച്ചമുണ്ടാക്കിയില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ഇത് ആയുധമാക്കുന്നു.


ബംഗ്ലദേശിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത ചണം വാങ്ങുന്നതും പഴയ ചാക്കുകളുടെ ഉപയോഗവുമാണ് മില്ലുകളെ ബാധിച്ചതെന്ന് നോർത്ത് 24 പർഗാനാസിലെ ബാരക്‌പൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗ് പറയുന്നു. ബി.ജെ.പി വീണ്ടുമെത്തിയാൽ പരിഹാരമുറപ്പെന്നും അദ്ദേഹം കർഷകരോട് പറയുന്നു. മിൽ തൊഴിലാളികളിൽ ഭൂരിഭാഗവും തങ്ങളുടെ അനുഭാവികളായതിനാൽ വോട്ടു ചോരില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 2019-ൽ, ചണ മില്ലുകൾ കൂടുതലുള്ള ബാരക്‌പൂർ, ഹൂഗ്ലി ലോക്‌സഭാ മണ്ഡലങ്ങളിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 130-ലധികം അസംബ്ലി സീറ്റുകളിൽ 49 ഇടത്തും ബി.ജെ.പി ജയിച്ചിരുന്നു.

അതേസമയം, ചണക്കൃഷി മേഖലകൾ തൃണമൂലിന്റെ വോട്ടുബാങ്കാണ്. ചണം പ്രതിസന്ധിയിൽ ഹിന്ദുവോട്ടുകൾ ബി.ജെ.പിയും മുസ്ളീം മേഖലയിൽ 'ഇന്ത്യ' മുന്നണിയും ചോർത്തുമെന്ന ഭീതി അവർക്കുണ്ട്. തൃണമൂൽ സർക്കാർ പുതിയ വേതന കരാർ കൊണ്ടുവന്നുവെന്നും വിള ഇൻഷ്വറൻസ് ഏർപ്പെടുത്തിയെന്നും മുർഷിദാബാദ് സിറ്റിംഗ് എംപി അബു താഹിർ ഖാൻ പറയുന്നു. കേന്ദ്രം ചണമേഖലയെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ചണം രൂപപ്പെടുന്നത് ഇങ്ങനെ:

ചണം ചെടി നാല് മാസം കൊണ്ട് ഏഴടിയോളം വളരുമ്പോൾ മുറിച്ച് കെട്ടുകളാക്കി 20 ദിവസത്തോളം വെള്ളത്തിൽ കുതിർക്കുന്നു. തൊലി അഴുകിയാണ് ചണം ഇഴകൾ രൂപപ്പെടുന്നത്. അതു മില്ലുകളിലേക്ക് അയച്ച് നൂലാക്കി മാറ്റുന്നു. തൊലി ഇളക്കിയ തണ്ടുകൾ പുരമേയാനും വേലികെട്ടാനും മറ്റും ഉപയോഗിക്കും. ഇല വയ്‌ക്കോലായി കാലികൾക്ക് നൽകും.

Advertisement
Advertisement