'ഭയമില്ല, ഓടി ഒളിക്കാനും പോകുന്നില്ല', അമേഠിയിലും റായ്ബറേലിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി

Wednesday 01 May 2024 2:50 PM IST

ന്യൂഡല്‍ഹി: പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന അമേഠിയിലും റായ്ബറേലിയിലും 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തീരുമാനം. രണ്ട് മണ്ഡലങ്ങളിലേയും സസ്‌പെന്‍സ് ഉടന്‍ അവസാനിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചുമതലപ്പെടുത്തിയതായി ജയറാം രമേശ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.ആരെയും ഭയക്കുന്നുമില്ല, ഓടി ഒളിക്കാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

2019ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. വയനാട്ടില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് അദ്ദേഹം ലോക്‌സഭയിലേക്ക് പോയത്. ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചിരുന്നു.

2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ നിന്ന് വിജയിക്കുന്നത്. അനാരോഗ്യം കണക്കിലെടുത്ത് ഇത്തവണ സോണിയ മത്സരരംഗത്ത് ഇല്ല. പകരം മകള്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേരും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്ന അമേഠിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.