ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവർണർ; നടപടി ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോചിച്ച്

Thursday 02 May 2024 11:59 AM IST

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. 223 ജീവനക്കാരെയാണ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പുറത്താക്കിയത്. ആം ആദ്മി എംപി സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരിക്കെ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നാരോപിച്ചാണ് ഇത്രയും പേരെ ഗവർണർ പുറത്താക്കിയത്.


കരാർ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് അധികാരമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.


ധനവകുപ്പിന്റെ അനുമതിയില്ലാതെ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. കരാർ ജീവനക്കാരുടെ നിയമനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ജീവനക്കാർക്കുള്ള ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചത് മതിയായ ന്യായീകരണമില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് നടപടി.


ആം ആദ്‌മി പാർട്ടി എംപിയായി രാജ്യസഭയിലെത്തുന്നതിന് മുമ്പ് മലിവാൾ ഒമ്പത് വർഷം ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സണായിരുന്നു. നിലവിൽ ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നിയമനവുമായി ബന്ധപ്പെട്ട് ധനവകുപ്പിന്റെ അനുമതി തേടാൻ മലിവാളിനോട് ആവർത്തിച്ച് നിർദ്ദേശിച്ചിരുന്നതായി ഗവർണറുടെ ഉത്തരവിൽ പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണത്തോട് മലിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർ ഇന്ന് മാദ്ധ്യമങ്ങളെ കണ്ടേക്കും. ഡൽഹിയിൽ ഇതിനുമുമ്പും സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ പോര് ഉണ്ടായിട്ടുണ്ട്.

Advertisement
Advertisement