തൃശൂരിലെ പല ഭാഗങ്ങളിലും വീട് വാടകയ‌്ക്ക് എടുക്കുന്ന അനീഷ് മൂന്ന് മാസത്തിൽ കൂടുതൽ അവിടൊന്നും താമസിക്കില്ല; ഒടുവിൽ പിടിച്ചു
തൃശൂർ: തൃശൂരിൽ വാടക വീടുകൾ മാറിമാറി താമസിച്ചു എക്സൈസിനെ കബളിപ്പിച്ചിരുന്ന പ്രതിയെ ആറ് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലാണ് പൊങ്ങണംകാട് സ്വദേശി അനീഷിനെ (37) പിടികൂടിയത്.
തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിൽ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ പ്രതിയാണ് അനീഷ്. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഞ്ചാവ് കടത്തിൽ വീണ്ടും സജീവമായ അനീഷ് വാടകയ്ക്ക് വീടെടുത്ത്, മൂന്നു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാതെ, വളരെ തന്ത്രപരമായിട്ടാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് വിതരണത്തിനായി പോകുന്ന സമയത്ത് പട്ടാളകുന്ന് വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സുദർശന കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സോണി കെ ദേവസി,ടി ജി മോഹനൻ, പ്രിവന്റീവ് ഓഫീസർമാരായ എം എം മനോജ് കുമാർ, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർകുമാർ, പി ബി സിജോ മോൻ, വിശാൽ, കണ്ണൻ എന്നിവരാണ് സ്‌ക്വാഡ് CI യോടൊപ്പം സംഘത്തിലുണ്ടായിരുന്നത്.