കൊവിഷീൽഡ് ആശങ്ക നീക്കണം

Friday 03 May 2024 12:04 AM IST

കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച വാക്‌സിനാണ് കൊവിഷീൽഡ്. ഇത് ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നേരത്തെ നടക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ ഇത്തരം വാർത്തകളുടെ സ്രോതസ്സിന്റെ ആധികാരികത സ്ഥിരീകരിക്കാനാവാത്തതിനാൽ വ്യാജമായ പ്രചരണത്തിന്റെ ഗണത്തിലാണ് ജനങ്ങൾ അത് ഉൾപ്പെടുത്തിയിരുന്നത്. മാത്രമല്ല,​ എല്ലാത്തരം കൊവിഡ് വാക്സിനും അപകടകരമാണെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ച ചുരുക്കം പേർക്കൊഴികെ ബഹുഭൂരിപക്ഷത്തിനും പറയത്തക്ക മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി പറയാനാകില്ല. അതേസമയം,​ ഇപ്പോൾ കൊവിഷീൽഡ് വാക്സിന്റെ നിർമ്മാതാക്കളായ ആസ്ട്ര സെനെക തന്നെ ഈ വാക്സിൻ പാർശ്വഫലങ്ങൾക്കിടയാക്കുമെന്ന് യു.കെ. കോടതിയിൽ സത്യവാങ്‌മൂലം നൽകിയെന്ന റിപ്പോർട്ട് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

അപൂർവ അവസരങ്ങളിൽ ഇത് മസ്‌തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു കാരണമാകാമെന്നാണ് ഇവർ കോടതിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ എഴുപത് ശതമാനം പേരും ഉപയോഗിച്ചത് കൊവിഷീൽഡ് വാക്സിനാണ്. അതിനാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക മാറ്റാൻ കേന്ദ്ര ആരോഗ്യ വകുപ്പ് വിശദീകരണങ്ങൾ നൽകേണ്ടതാണ്. വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഇന്ത്യയിൽ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. കൊവിഷീൽഡ് വാക്സിൻ എടുത്തവരിൽ ഭൂരിപക്ഷം പേർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു പഠനം അനിവാര്യമാകുമായിരുന്നു. ഇവിടെ അത്തരത്തിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഈ വാക്സിൻ സ്വീകരിച്ചവരിൽ ഉണ്ടായതായി ആരോഗ്യ മേഖലയെ നയിക്കുന്നവർ പറഞ്ഞിട്ടുമില്ല.

ഈ സാഹചര്യത്തിൽ കൊവിഷീൽഡ് വാക്സിന്റെ വിഷയത്തിൽ കൂടുതൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പ്രമുഖരായ ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡ് വരാതെയും,​ കൊവിഡ് വന്നാലും ഗുരുതരമായ നിലയിലേക്ക് മൂർച്ഛിക്കാതെയും നിരവധി പേർ രോഗമുക്തരായിട്ടുണ്ട് എന്നത് ജനങ്ങളുടെ അനുഭവമാണ്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു പ്രതിരോധ വാക്സിനെതിരെ ആക്ഷേപങ്ങൾ ആവർത്തിക്കുന്ന പ്രവണതയും ശരിയല്ല. വാക്സിൻ സ്വീകരിച്ച ലക്ഷത്തിൽ ഒരാൾ മരണം സംഭവിച്ചിരിക്കാം. അയാൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായെന്നും വരാം. എന്നാൽ വാക്സിൻ സ്വീകരിക്കാതിരുന്നെങ്കിൽ നിരവധി പേർ മരണത്തിനു കീഴടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

അതുപോലെ തന്നെ,​ വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആധികാരികമായ അഭിപ്രായം പറയേണ്ടത് വിശദമായ പഠനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സമിതിയാണ്. പാർശ്വഫലങ്ങളെക്കുറിച്ച് പറയാൻ ആസ്ട്രസെനെക യോഗ്യതയുള്ള ഏജൻസിയല്ലെന്നും കേസിന്റെ ഭാഗമായി ഇവർ കൊടുത്ത മൊഴിയുടെ പേരിൽ അനാവശ്യ ആശങ്ക വേണ്ടെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വാക്സിന്റെ നിർമ്മാതാവു തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ ഇന്ത്യയിൽ ശാസ്ത്രീയമായ പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന വിദഗ്ദ്ധരും കുറവല്ല. എന്തായാലും കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച പ്രായാധിക്യമുള്ളവർ ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനകൂടി നടത്തുന്നത് നല്ലതാണ്. ഈ വിഷയം സംബന്ധിച്ച് ജനങ്ങളിൽ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണകൾ ദുരീകരിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മാദ്ധ്യമങ്ങളിലൂടെയും മറ്റും ശക്തമായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണ്.