യു.എ.ഇയിൽ വീണ്ടും മഴ, വിമാനങ്ങൾ റദ്ദാക്കി

Friday 03 May 2024 6:54 AM IST

ദുബായ്: യു.എ.ഇയിൽ വീണ്ടും കനത്ത മഴയും ഇടിമിന്നലും. ഇന്നലെ രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉച്ചയോടെ മഴയുടെ തീവ്രത കുറഞ്ഞതിനാൽ ആശങ്ക ഒഴിഞ്ഞു. ഭൂരിഭാഗം മേഖലകളിലും മഞ്ഞ അലർട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ 8 വരെ 50 മില്ലീമീറ്ററിലേറെ മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായുടെ ചില മേഖലകളിൽ വെള്ളക്കെട്ടുണ്ടായി. മഴ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നതിനാൽ ദുബായിലും ഷാർജയിലുമടക്കം വെള്ളക്കെട്ടുകൾ ഉടൻ നീക്കാൻ വാട്ടർ ടാങ്കറുകളും പമ്പിംഗ് മെഷീനുകളും വിന്യസിച്ചിരുന്നു. അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 13 വിമാന സർവീസുകൾ റദ്ദാക്കി.

അഞ്ചെണ്ണം വഴിതിരിച്ചുവിട്ടു. വിമാന സർവീസുകൾ വൈകിയേക്കുമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയർലൈനുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ ഇന്നലെയും ഇന്നും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ, പൊതുമേഖല ഓഫീസുകളിലും ഇന്നലെയും ഇന്നും വർക്ക് ഫ്രം ഹോമായിരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പാർക്കുകളും ബീച്ചുകളും അടഞ്ഞുകിടന്നു. റാസ് അൽ ഖൈമയിൽ റോഡിന്റെ ഒരു ഭാഗം തകർന്നത് ഗതാഗത തടസം സൃഷ്ടിച്ചു. ഇന്നും മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

ഏപ്രിൽ 16ന് പെയ്‌ത 259.5 മില്ലീമീറ്റർ മഴ രാജ്യത്ത് കനത്ത നാശം വിതച്ചിരുന്നു. ഒരു സ്വദേശിയും മൂന്ന് ഫിലിപ്പീൻസുകാരുമടക്കം നാല് പേർ മരിച്ചു. ദുബായ് വിമാനത്താവളത്തിന്റെ അടക്കം പ്രവർത്തനം താറുമാറായി. 2,000 ത്തിലേറെ വിമാന സർവീസുകളാണ് റദ്ദാക്കിയത്.