യുക്രെയിനിൽ റഷ്യ രാസായുധം പ്രയോഗിച്ചു: യു.എസ്

Friday 03 May 2024 6:56 AM IST

വാഷിംഗ്ടൺ : റഷ്യ യുക്രെയിൻ സൈനികർക്കെതിരെ രാസായുധങ്ങൾ ഉപയോഗിക്കുന്നതായി യു.എസ്. പോരാട്ടം തുടരുന്ന യുക്രെയിൻ പ്രദേശങ്ങളിൽ നേട്ടമുണ്ടാക്കാൻ ക്ലാറൊപിക്രിൻ പോലുള്ള കെമിക്കൽ ഏജന്റുകൾ ഉപയോഗിക്കുന്നതായാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്. റഷ്യ ഒപ്പിട്ടിട്ടുള്ള രാസായുധ കൺവെൻഷൻ ഉടമ്പടിയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് റഷ്യ പ്രതികരിച്ചു. ഒന്നാം ലോക മഹായുദ്ധ കാലത്ത് വ്യാപകമായി ഉപയോഗിച്ച രാസായുധമാണ് ക്ലാറൊപിക്രിൻ. ശ്വാസകോശം, കണ്ണ്, ത്വക്ക് എന്നിവയിൽ ഇവ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ഛർദ്ദി, തലകറക്കം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. യുദ്ധമുഖത്ത് ഇവ ഉപയോഗിക്കുന്നത് രാസായുധ കൺവെൻഷൻ നിരോധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24 മുതൽ തുടരുന്ന യുക്രെയിൻ അധിനിവേശത്തിനിടെ റഷ്യ രാസായുധങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണം നിരവധി തവണ ഉയർന്നിട്ടുണ്ട്.

Advertisement
Advertisement