റോബർട്ട് വാധ്‌ര ആഗ്രഹിച്ച മണ്ഡലത്തിൽ വിശ്വസ്‌തനെയിറക്കി സോണിയാ ഗാന്ധി; അമേഠിയിൽ സ്‌മൃതിയെ വീഴ്‌ത്താൻ കിഷോരി ലാൽ ശർമ

Friday 03 May 2024 11:42 AM IST

ന്യൂഡൽഹി: അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കിഷോരി ലാൽ ശർമ. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കിഷോരി ലാൽ ആരാണെന്ന് തിരയുകയാണ് പലരും. രാഹുൽ ഗാന്ധിയും റോബർട്ട് വാധ്‌രയും വരെ മത്സരിക്കുമെന്ന് പറഞ്ഞുകേട്ട മണ്ഡലമാണ് അമേഠി. ഇവിടവുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ് കിഷോരിലാൽ ശർമ.

ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠി തിരിച്ചുപിടിക്കാൻ വേണ്ടിയാണ് സാധാരണ ജനങ്ങൾക്കിടയിലടക്കം വ്യക്തമായ പിന്തുണയുള്ള കിഷോരി ലാൽ ശർമയെ കോൺഗ്രസ് ഇറക്കിയത്. റോബർട്ട് വാധ്‌ര തന്റെ സ്ഥാനാർത്ഥി മോഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, നറുക്ക് വീണത് കിഷോരിലാലിനായിരുന്നു.

1983ലാണ് പഞ്ചാബ് സ്വദേശിയായ കിഷോർ ലാൽ ഉത്തർപ്രദേശിലെ അമേഠിയിലെത്തുന്നത്. അന്ന് മുതൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിശ്വസ്‌തൻ എന്ന നിലയിലാണ് അദ്ദേഹം രാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ രാജീവിന്റെ മരണശേഷവും അമേഠിയിൽ പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചതും ഇദ്ദേഹം തന്നെയാണ്. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് ഗാന്ധി കുടുംബം മാറിനിന്നപ്പോഴും കിഷോരിലാൽ മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടി അമേഠിയിൽ രംഗത്തിറങ്ങിയിരുന്നു.

1999ൽ സോണിയ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് കിഷോരി ലാലാണ്. പിന്നീട് രാഹുൽ അമേഠിയിലും സോണിയ റായ്‌ബറേലിയിലും എംപിമാർ ആയിരുന്നപ്പോൾ മണ്ഡലത്തിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇദ്ദേഹമാണ്. ബീഹാറിലും പഞ്ചാബിലും കോൺഗ്രസിനുവേണ്ടി കിഷോരിലാൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ മാസം 20നാണ് അമേഠിയിലും റായ്‌ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്.

Advertisement
Advertisement