ദൃശ്യങ്ങളിലുള്ള ഒരു യുവതി കൂടി പരാതി നൽകി; പ്രജ്വലിനെതിരെ പീഡനക്കേസ്, പിതാവിനെതിരെയും കേസ്

Friday 03 May 2024 1:02 PM IST

ബംഗളൂരു: ജെഡിഎസ് നേതാവും ഹാസൻ സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രജ്വൽ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് മറ്റൊരു യുവതി കൂടി പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. യുവതിയുടെ ദൃശ്യങ്ങളും പുറത്തുവിട്ട പെൻഡ്രൈവിലുണ്ടായിരുന്നു. യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയായിരുന്നു. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഇതിനിടെ പുറത്തുവന്ന വീഡിയോയിലുള്ള തന്റെ അമ്മയെ മൂന്ന് ദിവസമായി കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വീഡിയോയിലുള്ള സ്ത്രീയുടെ മകനാണ് പരാതി നൽകിയത്. തുടർന്ന് മൈസൂരുവിലെ കെആർ നഗർ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ് വർഷത്തോളം രേവണ്ണയുടെ വീട്ടിൽ ജോലിക്ക് നിന്നയാളാണ് അമ്മയെന്ന് മകന്റെ പരാതിയിൽ പറയുന്നു.

അതേസമയം, പ്രജ്വൽ ജർമ്മനിയിലാണുള്ളത്. ഇയാൾ രാജ്യം വിട്ടത് നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചാണെന്ന ന്യായീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പ്രജ്വൽ രാഷ്ട്രീയ ക്ലിയറൻസ് ആവശ്യപ്പെട്ടിട്ടില്ല. ഒരു തരത്തിലുമുള്ള വീസയും നൽകിയിട്ടില്ല. നയന്ത്ര പാസ്‌പോർട്ടുള്ള വ്യക്തിക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ വേണ്ട. കോടതി ഉത്തരവില്ലാതെ അത് റദ്ദാക്കാനാകില്ല. അതാണ് പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥ. പാസ്‌പോർട്ട് റദ്ദാക്കാനുള്ള ഉത്തരവ് മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.

പ്രജ്വലിന് ജർമ്മനിയിലേക്ക് കടക്കാൻ കേന്ദ്രസർക്കാർ സഹായം നൽകിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് വിശദീകരണം. അതിനിടെ, തനിക്ക് കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്ന് വ്യക്തമാക്കി പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് വീഡിയോ പുറത്തിറക്കി. ഇയാൾ ഇപ്പോൾ മലേഷ്യയിൽ ആണെന്നാണ് റിപ്പോർട്ട്. വ്യാജദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രജ്വൽ നേരത്തെ പ്രതികരിച്ചിരുന്നു.

Advertisement
Advertisement