ചൂടിൽ കൂമ്പണഞ്ഞ് വെറ്റില കൃഷി

Saturday 04 May 2024 12:44 AM IST

പൂച്ചാക്കൽ : വേനൽ കടുത്തതോടെ, കരപ്പുറത്തെ വെറ്റ കർഷകർ പ്രതിസന്ധിയിൽ. ചെടി മുരടിച്ചതോടെ വെറ്റിലയുടെ വലിപ്പം കുറഞ്ഞതോടെ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു ദിവസം 100കെട്ട് വെറ്റിലവരെ കടകളിൽ കൊടുത്തിരുന്ന കർഷകർക്ക് ഇപ്പോൾ ഇരുപതും മുപ്പതും കെട്ടുകൾ മാത്രമേ വിൽക്കുവാൻ കഴിയുന്നുള്ളൂ. നല്ല വലിപ്പമുള്ള വെറ്റിലയാണെങ്കിൽ ഒരുകെട്ടിൽ ഇരുപത്തഞ്ചും മുപ്പതും മതിയായിരുന്ന സ്ഥാനത്ത്, വെറ്റില മുരടിച്ച് ചെറുതായതോടെ 50 എണ്ണത്തോളം വയ്ക്കണം. വേനൽമഴ നന്നായി ലഭിച്ചാൽ മാത്രമെ ഇതിന് ഒരു പരിഹാരം ഉണ്ടാകുകയുള്ളൂ.

നല്ലൊരു ആയുർവ്വേദ ഔഷധം കൂടിയാണ് വെറ്റില. വിവിധ ഇനം വെറ്റിലച്ചെടികൾ ലഭ്യമാണെങ്കിലും നാടനോടാണ് കരപ്പുറത്തെ കർഷകർക്ക് താൽപ്പര്യം. രോഗപ്രതിരോധ ശക്തിയുള്ളതും ദീർഘകാല വിളവെടുപ്പിനുതകുന്നതും നാടൻ കൊടികളാണെന്നാണ് കർഷകർ പറയുന്നത്. തണുത്ത കാലാവസ്ഥയിൽ വെറ്റില ചെടി നടുന്നതാണ് അഭികാമ്യം. എട്ട് മാസം കഴിഞ്ഞാൽ വിളവെടുത്തു തുടങ്ങാം.പത്ത് സെന്റ് സ്ഥലത്ത് ആയിരം ചെടി നടാം. സീസണിൽ പ്രതിമാസം 30,000 രൂപ വരെ വരുമാനം ലഭിക്കും.

ഭീഷണിയായി പുള്ളിക്കുത്ത്

 പൂപ്പൽ രോഗവും പുള്ളിക്കുത്ത് രോഗവും വെറ്റിലക്കൊടിയെ ആക്രമിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി

 വിളവെടുപ്പിന് പാകമായ വെറ്റിലയിൽ കറുത്തപാടുകൾ കാണപ്പെടുകയും പിന്നീട് ചെടി നശിച്ചുപോവുകയും ചെയ്യും

 പടർന്നു പിടിക്കുന്ന രോഗമായതിനാൽ ആരംഭത്തിൽ തന്നെ വെറ്റിലക്കൊടി മുഴുവനായും നശിപ്പിച്ചു കളയുകയാണ് കർഷകർ

 കുമ്മായവും തുരിശും ചേർത്ത മിശ്രിതം തളിച്ചാൽ രോഗത്തെ ചെറുക്കാനാകുമെന്നാണ് മുതിർന്ന കർഷകർ പറയുന്നത്

വരുമാനം കുത്തനെ കുറഞ്ഞതിനാൽ ജീവിതം വഴിമുട്ടിയ സ്ഥിതിയിലായി . വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവൻ കർഷകരുടെയും സ്ഥിതി സമാനമാണ്

- പാണാവള്ളി ഗൗരിശങ്കരം വീട്ടിൽ ഡി.സാബു, വെറ്റില കർഷകൻ

Advertisement
Advertisement