ഹാത്റസിൽ ചർച്ച സ്ത്രീ സുരക്ഷ, വികസനം, രാമക്ഷേത്രം

Saturday 04 May 2024 12:16 AM IST

ന്യൂഡൽഹി : ഹാത്റസ് ലോക്‌സഭാ മണ്ഡലത്തിലെ ദളിത് പെൺകുട്ടി രാജ്യത്തിന്റെ ദു:ഖമായി മൺമറഞ്ഞ് മൂന്നുവർഷവും ഏഴുമാസവും പിന്നിട്ടു. 2020 സെപ്തംബർ 14നായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം. താക്കൂർ സമുദായത്തിലെ നാലു യുവാക്കൾ 19കാരിയായ ദളിത് പെൺകുട്ടിയെ വയലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 2023 മാർച്ച് രണ്ടിന് നാലിൽ മൂന്ന് പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടു. ഒരു പ്രതിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം പിഴയും വിധിച്ചു. മാനഭംഗത്തിനും കൊലപാതകത്തിനുമല്ല, നരഹത്യയ്ക്കായിരുന്നു ശിക്ഷ.

പട്ടികജാതി മണ്ഡലമായ ഹാത്റസിൽ ഈ കേസിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്ത്രീ സുരക്ഷ ചർച്ചയാണ്. അതുമാത്രമല്ല, വികസനവും അയോദ്ധ്യ രാമക്ഷേത്രവും ചർച്ചയാണ്. ദളിത്,​ താക്കൂർ വിഭാഗങ്ങളാണ് വോട്ടർമാരിൽ ഏറെയും. ബ്രാഹ്മണ വോട്ടും നിർണായകം. 2019ൽ 2,60,208 വോട്ടിനാണ് ബി.ജെ.പിയിലെ രാജ്‌വീർ സിംഗ് ദിലെർ ഹാത്റസിൽ വിജയിച്ചത്. കഴിഞ്ഞ ഏപ്രിൽ 24ന് അദ്ദേഹം ഹൃദയാഘാതം കാരണം മരിച്ചു. ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് പ്രധാൻ വാൽമീകിയാണ്. സമാജ് വാദി പാർട്ടിയിലെ ജസ്‌വീർ വാൽമീകിയാണ് മുഖ്യ എതിരാളി. ബി.ജെ.പിയുടെ ഉറച്ച മണ്ഡലമാണിത്. 1991 മുതൽ തുടർച്ചയായി വിജയിക്കുന്ന ഇവിടെ 2009ൽ രാഷ്ട്രീയ ലോക്ദളിനോട് തോറ്റിരുന്നു. ആ രാഷ്ട്രീയ ലോക്ദൾ ഇപ്പോൾ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്.

2019ലെ ഫലം

 രാജ്‌വീർ സിംഗ് ദിലെർ (ബി.ജെ.പി) - 684,299 വോട്ട്,​ ( 59.49 %)

 രാം ജി ലാൽ സുമൻ (സമാജ് വാദി ) - 4,24,091 വോട്ട്​ (36.87 %)

 ത്രിലോകി രാം (കോൺഗ്രസ് ) - 23,926 വോട്ട്​ ( 2.08 %)

കോളിളക്കിയ കേസ്

കൂട്ടമാനഭംഗത്തിൽ പെൺകുട്ടിയുടെ നട്ടെല്ല് തകർന്നിരുന്നു. അന്നുതന്നെ യു. പി പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തത് സെപ്തംബർ 20ന്. ഇരയുടെ മൊഴിയെടുത്തത് പിന്നെയും രണ്ടുദിവസം കഴിഞ്ഞ്. സെപ്തംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. മാതാപിതാക്കളുടെ അനുമതിയില്ലാതെ യു.പി. പൊലീസ് അസാധാരണ ധൃതിയിൽ പുലർച്ചെ രണ്ടരയ്‌ക്ക് പെൺകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. ആ സമയം പൊലീസ് തങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടെന്ന കുടുബാംഗങ്ങളുടെ നിലവിളി രാജ്യം മറക്കില്ല.

യോഗി ആദിത്യനാഥ് സർക്കാരിനും, പൊലീസിനുമെതിരെ രോഷമുയർന്നു. എസ്.പി അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. കേസ് സി.ബി.ഐക്ക് വിട്ടു.

Advertisement
Advertisement