സ്വരാജ് റൗണ്ടിൽ ബെല്ലും ബ്രേക്കുമില്ലാതെ സ്വകാര്യ ബസുകൾ: തടയാൻ ഇവിടെ ആരുണ്ട്?

Saturday 04 May 2024 12:00 AM IST
  • വീമ്പുപറച്ചിലോ, ട്രാഫിക് പരിഷ്കാരം

തൃശൂർ: സ്വരാജ് റൗണ്ടിൽ അപകടരഹിതയാത്ര ഒരുക്കുന്നതിനുള്ള തീരുമാനങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് പൊലീസ്. ചീറിപ്പായുന്ന സ്വകാര്യ ബസുകൾ വരുത്തുന്ന അപകടങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല. സ്വരാജ് റൗണ്ടിലും നഗരത്തിലെ മറ്റ് റോഡുകളിലും നിരവധി പേർക്കാണ് ഇതുമൂലം ജീവൻ നഷ്ടമായത്.

അപകടങ്ങൾ പതിവായതിനെത്തുടർന്ന് രണ്ടര മാസം മുമ്പ് സിറ്റി പൊലീസ് കമ്മിഷണർ വിളിച്ച യോഗത്തിൽ നിരവധി തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നു പോലും നടപ്പായില്ല. പിന്നീടും നിരവധി അപകടങ്ങൾ സ്വരാജ് റൗണ്ടിലുണ്ടായി. നായ്ക്കനാലിൽ സിഗ്‌നൽ കണ്ട് നിറുത്തിയ സ്‌കൂട്ടറിനു പിറകിൽ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചത് മൂന്നുമാസം മുൻപായിരുന്നു.

ബിനി സ്റ്റോപ്പിൽ കുടുംബശ്രീ പ്രവർത്തകയായ വീട്ടമ്മയ്ക്ക് മീതെ ബസ് കയറി മരിച്ചിരുന്നു. ചെറുവാഹനങ്ങൾക്ക് പ്രത്യേക ട്രാക്ക്, സ്വകാര്യ ബസുകൾ റൗണ്ടിൽ ഇടതു വശം ചേർന്ന് പോകണം തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ ഉയർന്നത്. മേയർ അടക്കമുള്ളവർ മാർച്ച് ഒന്ന് മുതൽ തീരുമാനം നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും വെറും വീമ്പുപറച്ചിലായി എല്ലാം ഒതുങ്ങി.

ചീറിവരും, പിന്നൊരു വളയ്ക്കൽ

നായ്ക്കനാലിലെ സിഗ്‌നൽ കഴിഞ്ഞാൽ പിന്നെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ്. ജില്ലാ ജനറൽ ആശുപത്രി കഴിഞ്ഞാൽ ഭൂരിഭാഗം ബസുകളും വലതുവശത്ത് കൂടി പാഞ്ഞെത്തി ചെറുവാഹനങ്ങളിലെ യാത്രക്കാർക്ക് അപകടം വരുത്തുംവിധമാണ് അതിവേഗത്തിൽ മുനിസിപൽ ഓഫീസ് റോഡിലേക്ക് പ്രവേശിക്കുന്നത്. ഇതുമൂലം തെക്കെഗോപുരനടയ്ക്ക് മുൻപിലെത്തുന്ന ചെറുവാഹനങ്ങൾ ഭീതിയോടെയാണ് പോകുന്നത്. സ്വകാര്യ ബസ് ഡ്രൈവർമാരുടെ അശ്രദ്ധമായ പ്രവൃത്തികൾക്കെതിരെ പ്രതികരിച്ചാൽ തിരിച്ച് തെറിയഭിഷേകമാണെന്നാണ് പലരുടെയും പരാതി.

പരാതിപ്പെട്ടിട്ടും കാര്യമില്ല
സ്വകാര്യ ബസുകളുടെ അതിക്രമങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കാര്യമില്ല. മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ച് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ടെങ്കിലും വെള്ളത്തിൽ വരച്ച വര പോലെയാണ് പരാതികളെല്ലാം.

എവിടെ നോ ഹോൺ ബോർഡുകൾ ?

നഗരത്തിലെ ശബ്ദമലീനീകരണം തടയാൻ സംസ്ഥാനത്തിന് തന്നെ മാതൃയാകുന്നവിധം നടപ്പാക്കിയ നോ ഹോൺ പദ്ധതി പൊലീസ് തന്നെ അട്ടിമറിച്ചു. നോ ഹോൺ പ്രവർത്തനത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ പോലും ഇപ്പോൾ അപ്രത്യക്ഷം.

Advertisement
Advertisement