മെക്സിക്കോ മുതൽ ഓസ്ട്രേലിയ വരെ.... ആളിപ്പടർന്ന് ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം

Saturday 04 May 2024 7:00 AM IST

വാഷിംഗ്ടൺ: ഗാസ യുദ്ധത്തിനെതിരെ യു.എസിൽ ആരംഭിച്ച ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം മെക്സിക്കോ, കാനഡ, ഫ്രാൻസ്, ഓസ്ട്രേലിയ രാജ്യങ്ങളിലേക്കും ആളിപ്പടരുന്നു. ഇന്നലെ ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് പാലസ്തീൻ, ഇസ്രയേൽ അനുകൂലികൾ നേർക്കുനേർ എത്തിയെങ്കിലും തലനാരിഴെ സംഘർഷം ഒഴിവായി. മുദ്രാവാക്യങ്ങളിലൂടെ പരസ്പരം കൊമ്പുകോർത്ത ഇരുവിഭാഗവും പതാകകളും പ്ലക്കാർഡുകളുമായി ക്യാമ്പസ് പരിസരത്ത് നിലയുറപ്പിച്ചു. ഇസ്രയേലി ബന്ധമുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ഇവരുടെ ധനസഹായം സ്വീകരിക്കരുതെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.എസിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ എണ്ണം 2,​100 കടന്നു. യു.എസിൽ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ കൊളംബിയ അടക്കം മുൻനിര യൂണിവേഴ്സിറ്റികളിലെ പ്രതിഷേധ ക്യാമ്പുകൾ കഴിഞ്ഞ ദിവസം പൊലീസ് നീക്കിയിരുന്നു. എന്നാൽ, ഇസ്രയേലിന് ഭരണകൂടം നൽകുന്ന പിന്തുണയ്‌ക്കെതിരെ യു.എസിൽ പ്രതിഷേധം തുടരുകയാണ്. ഇന്നലെ പോർട്ട്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 40 പേരും ന്യൂയോർക്കിലെ ന്യൂ സ്കൂളിൽ 44 പേരും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ 13 പേരും അറസ്റ്റിലായി. ഇതുവരെ 34,600 ഓളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

 മെക്സിക്കോ

മെക്സിക്കോ സിറ്റിയിൽ,​ നാഷണൽ ഓട്ടണോമസ് യൂണിവേഴ്സിറ്റി ഒഫ് മെക്സിക്കോയുടെ ആസ്ഥാനത്തിന് പുറത്ത് അണിനിരന്ന വിദ്യാർത്ഥികൾ സ്വതന്ത്ര പാലസ്തീനായി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിക്കണമെന്ന് ആവശ്യം.

 കാനഡ

ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ഒട്ടാവ യൂണിവേഴ്സിറ്റികളിൽ പാലസ്തീൻ അനുകൂല ക്യാമ്പുകൾ. ഇതിനിടെ, മോൺട്രിയലിൽ ഇസ്രയേൽ അനുകൂല പ്രതിഷേധവും തുടങ്ങി. മോൺട്രിയലിലെ മക്‌ഗിൽ യൂണിവേഴ്സിറ്റിയിലെ ഇസ്രയേൽ വിരുദ്ധ ക്യാമ്പ് പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടു. കലാലയങ്ങൾ പഠനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഇടങ്ങളാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. എന്നാൽ നിലവിൽ ജൂത വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വമില്ലെന്ന തോന്നലുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഫ്രാൻസ്

പാരീസിലെ സയൻസസ് പോ, സൊർബാൻ അടക്കം യൂണിവേഴ്സിറ്റികളിൽ പ്രക്ഷോഭം. ഇസ്രയേലി യൂണിവേഴ്സിറ്റികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യം. പ്രതിഷേധക്കാരെ പൊലീസ് നീക്കുന്നുണ്ട്.

 ഓസ്ട്രേലിയ

സിഡ്നി, ക്വീൻസ്‌ലൻഡ് അടക്കം ഏഴോളം യൂണിവേഴ്സിറ്റികളിൽ പ്രതിഷേധ ക്യാമ്പുകൾ. പലയിടത്തും ജൂത വിരുദ്ധതയ്‌ക്കെതിരെ ഇസ്രയേൽ അനുകൂലികളും തമ്പടിച്ചിട്ടുണ്ട്. ക്യാമ്പസുകളിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ജൂത ഗ്രൂപ്പുകൾ.

 യു.കെ

ഗാസയിൽ യുദ്ധം തുടങ്ങിയത് മുതൽ ബ്രിട്ടണിലെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അടുത്തിടെയായി യൂണിവേഴ്സിറ്റി പരിസരങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി ടെന്റുകൾ കെട്ടുന്നുണ്ട്. ഇതിനെതിരെ ജൂത വിദ്യാർത്ഥി ഗ്രൂപ്പുകളിൽ നിന്നും വ്യാപക വിമർശനം ഉയരുന്നു.

----------------------


 വിദ്യാഭ്യാസം നൽകും: ഹൂതികൾ

ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ യു.എസ് യൂണിവേഴ്സിറ്റികളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് യെമനിലെ ഹൂതി വിമതർ. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നതിനിടെയാണിത്.

Advertisement
Advertisement