റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ കോൺഗ്രസിന്റെ പരാതി, കേസെടുത്തു

Saturday 04 May 2024 7:32 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺ​ഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തെലങ്കാന കോൺഗ്രസ് ആണ് അമിത് ഷാക്കെതിരെ പരാതി നൽകിയത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം ഡയസിൽ കുട്ടികളെ കണ്ടെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിരഞ്ജൻ റെഡ്ഡിയാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്. റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് നിരഞ്ജൻ റെഡ്ഡി പറഞ്ഞു. കുട്ടികളുടെ സേവനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ അവരുടെ പങ്കാളിത്തം ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അടുത്തിടെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരഞ്ജൻ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച അമിത് ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടി യമൻ സിംഗ്, മുതിർന്ന ബിജെപി നേതാവ് ജി കിഷൻ റെഡ്ഡി, നിയമസഭാംഗം ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഐപിസി സെക്ഷൻ 188 (ഒരു പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു.

Advertisement
Advertisement