ചില തൂൺ ചിന്തകൾ

Sunday 05 May 2024 12:41 AM IST

വാഹനങ്ങൾ ഇടി​ച്ചുകയറി​ നി​രവധി​ പേരെ മരണത്തി​ലേക്ക് നയി​ച്ച കൊച്ചി​ മെട്രോയുടെ ചി​ല തൂണുകളുടെ കഥ.....

കൊച്ചിയിൽ 1300 ഓളം തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ പായാൻ തുടങ്ങിയിട്ട് അടുത്ത മാസം ഏഴ് വർഷമാകും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 ടെർമിനലുകളിൽ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ദിവസം ഒരു ലക്ഷത്തോളം യാത്രക്കാരെയും കയറ്റിയാണ് സഞ്ചാരം.

മുകളിൽ എ.സി​. മെട്രോ കോച്ചുകൾ പോകുമ്പോൾ താഴെയുള്ള ചില തൂണുകൾ വാർത്തകളിൽ നിറയുന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2013ൽ കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനത്തിന് കരാറുകാരനായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തുടക്കം കുറിച്ചത് പ്രശസ്തമായ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് സമീപത്തെ തൂണിന് അസ്ഥിവാരമിട്ടാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹത്താലും മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃഗുണം കൊണ്ടും സേവന മേന്മയാലും നിർമ്മാണ മേന്മകൊണ്ടും കൊച്ചി​ മെട്രോ മുന്നേറുമ്പോൾ ചി​ല തൂണുകൾ സൃഷ്ടി​ക്കുന്ന ദുഷ്പേരാണ് നമ്മുടെ വി​ഷയം. ഇടപ്പള്ളി പത്തടിപ്പാലത്തെ 357ാം നമ്പർ തൂണും ആലുവ മുട്ടത്തെ 187ാം നമ്പർ തൂണും കടവന്ത്ര എളംകുളത്തെ 825ാം നമ്പർ തൂണുമാണ് ഇവയി​ൽ പ്രധാനി​കൾ.

നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് പത്തടിപ്പാലത്തെ തൂൺ അറിയപ്പെട്ടത്. മറ്റു രണ്ടും അപകടങ്ങളുടെ പേരിലും. പത്തടിപ്പാലം തൂൺ ഏറെക്കാലം കൊച്ചി മെട്രോ റെയിൽ കമ്പനിക്കും നിർമ്മാണം നിർവഹിച്ച എൽ ആൻഡ് ടി കമ്പനിക്കും തലവേദന സൃഷ്ടിച്ചു. തൂണിന്റെ അടിത്തറയ്ക്ക് നേരിയ ഇളക്കം സംഭവിച്ചെന്ന സംശയത്തെ തുടർന്ന് കുറച്ചുനാൾ ഇതിലൂടെ ഒറ്റവരിയിൽ മാത്രമാക്കി മെട്രോ ഗതാഗതം. എൽ. ആൻഡ് ടി കമ്പനി തൂൺ ബലപ്പെടുത്തിയ ശേഷവും അതിന് മുമ്പും ഏറെ നാൾ ഇടപ്പള്ളിയി​ലൂടെ മെട്രോ കോച്ചുകൾ വേഗത കുറച്ചാണ് സഞ്ചരിച്ചത്.

അപകടങ്ങളുടെ

വൻനിര

അതേസമയം ആലുവ മുട്ടത്തെ 187ാം നമ്പർ തൂൺ നിരന്തരം അപകടങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് മത്സ്യം കയറ്റിവന്ന ലോറി തൂണിൽ ഇടിച്ചു കയറി ആന്ധ്രക്കാരായ ഡ്രൈവറും ക്ളീനറും മരണമടഞ്ഞു. ഏതാനും വർഷങ്ങൾക്കിടെ ഇതേ തൂണിൽ വാഹനങ്ങൾ ഇടിച്ച് അഞ്ചു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുമേറ്റിട്ടുണ്ട്. ഇതു കൂടാതെ ആലുവ മുതൽ ഇടപ്പള്ളി​ വരെ പല തൂണുകളി​ലും വാഹനങ്ങൾ രാത്രി​കളി​ൽ ഇടി​ച്ചുകയറി​ അപകടങ്ങൾ സൃഷ്ടിക്കുന്നതും ഇടയ്ക്കി​ടെ മരണങ്ങൾ ഉണ്ടാകുന്നതും പതി​വാണെങ്കി​ലും മുട്ടം വളവി​ലെ 187ാം നമ്പർ തൂണി​ന്റെ യത്ര അപകടകാരി​യല്ല. ഈ റീച്ചി​ൽ തൂണുകളുടെ കുറ്റമല്ല അപകടങ്ങൾക്ക് കാരണം. അപകടങ്ങളി​ൽ ഏതാണ്ടെല്ലാം തന്നെ സംഭവി​ച്ചത് രാത്രി​കളി​ലാണ്. ഇരുചക്രവാഹനങ്ങളി​ൽ ലഹരി​ക്കടി​പ്പെട്ട് വരുന്നരും അമി​തവേഗതയി​ൽ അശ്രദ്ധമായ ഡ്രൈവിംഗും ഡ്രൈവർ ഉറങ്ങി​പ്പോകുന്നതും മറ്റുമായി​രുന്നു മി​ക്കവാറും അപകടങ്ങൾക്കും വഴി​വച്ചത്. ഈ മേഖലയി​ലെ സുന്ദരമായ റോഡി​ലൂടെ രാത്രി​കളി​ൽ പായുന്ന വാഹനങ്ങളാണ് ചെറി​യൊരു കൈത്തെറ്റ്കൊണ്ട് തൂണി​ലേക്ക് ഇടി​ച്ചുകയറുന്നത്.

എന്നാൽ കടവന്ത്ര എളംകുളം വളവി​ലെ ആളെക്കൊല്ലി​യായ 825-ാം നമ്പർ തൂണിന്റെ കാര്യം വ്യത്യസ്ഥമാണ്. 825, 826 തൂണുകളുടെ സ്ഥാനം വളവി​ലായതും റോഡി​ന്റെ ചരി​വും തൂണി​ന് താഴെ മാത്രം റോഡ് അൽപ്പം ഉയർന്നു നി​ൽക്കുന്നതുമാണ് അപകടത്തി​ലേക്ക് നയി​ക്കുന്നത്. രാത്രി​ സൂപ്പർ ബൈക്കുകളി​ൽ പായുന്നവരാണ് രണ്ട് തൂണുകളി​ലേക്കും ഇടി​ച്ചുകയറി​ അപകടങ്ങൾ സൃഷ്ടി​ക്കുന്നത്. നാലുവർഷത്തിനിടെ 14 ഇരുചക്രവാഹനക്കാരുടെ ജീവനുകൾ ഈ തൂണിൽ പൊലിഞ്ഞു. ഇവരി​ൽ 10 പേരുടെ മരണമുണ്ടായത് കഴി​ഞ്ഞ രണ്ട് വർഷത്തി​നുള്ളി​ലുമാണ്. കഴി​ഞ്ഞ മാർച്ച് ഒമ്പതി​നാണ് ഏറ്റവും ഒടുവി​ലത്തെ അപകടം. അതാകട്ടെ പതി​വി​ന് വി​രുദ്ധമായി​ പകലാണ് സംഭവി​ച്ചത്.

സൂപ്പർ ബൈക്കുകളി​ൽ രാത്രി​ വേഗപരീക്ഷണം നടത്തുന്ന യുവാക്കളുടെ കാലനായി​ മാറുകയായി​രുന്നു 825-ാം നമ്പർ തൂൺ​. ശ്രദ്ധയൊന്നു പാളി​യാൽ തൂണി​ലേക്ക് ഇടി​ച്ചുകയറുന്ന ബൈക്കുകളി​ലുള്ളവരെ ജീവനോടെ കി​ട്ടി​യാൽ ഭാഗ്യം. ബൈക്കുകളും ഛി​ന്നഭി​ന്നമാവുകയായി​രുന്നു പതി​വ്. ബാരി​ക്കേഡുകൾ വച്ചും സി​ഗ്നലുകൾ സ്ഥാപി​ച്ചും അപകടങ്ങൾ ഒഴി​വാക്കാനുള്ള സി​റ്റി​ പൊലീസി​ന്റെ ശ്രമങ്ങൾ പരാജയവുമായി​. മാസത്തി​ൽ ഒരു അപകടമെങ്കി​ലും ഇവി​ടെ പതി​വായി​രുന്നു. മാർച്ച് ഒമ്പതി​ന് പകൽ 23കാരനായ യുവാവ് അമ്മയ്ക്കൊപ്പം ഷോറൂമി​ലെത്തി​ ടെസ്റ്റ് റൈഡി​ന് വാങ്ങി​യ ബൈക്കി​ന്റെ പരീക്ഷണ ഓട്ടത്തി​നി​ടെയാണ് തൂണി​ലി​ടി​ച്ച് കയറി​യത്. ഈ മരണത്തോടെ പൊലീസും കെ.എം.ആർ.എൽ അധി​കൃതരും ഉണർന്നു. ഇവർ സ്ഥലത്ത് സംയുക്ത പരി​ശോധന നടത്തി​. തൂണി​നെ താഴെയുള്ള പൈൽ ക്യാപ്പി​ന്റെ ഭാഗം ഉയർന്നു നി​ൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി​. ഒറ്റനോട്ടത്തി​ൽ തി​രി​ച്ചറി​യാവുന്ന അപകട കാരണം കണ്ടെത്താൻ 14 ജീവനുകൾ പൊലി​യേണ്ടി​ വന്നുവെന്നു മാത്രം. ക്ഷി​പ്രവേഗത്തി​ൽ ഇവി​ടെ റോഡി​ന്റെ അപാകതകൾ പരി​ഹരി​ച്ച ശേഷം ഇതുവരെ പി​ന്നെ അപകടങ്ങളൊന്നും ഉണ്ടായി​ട്ടി​ല്ല.

ഈ തൂൺ​ അപകടങ്ങൾക്ക് കെ.എം.ആർ.എല്ലി​നെയോ പൊലീസി​നെയോ മാത്രം പഴി​ച്ചതുകൊണ്ടു കാര്യമി​ല്ല. വാഹനം ഓടി​ക്കുന്നവരുടെ അശ്രദ്ധയാണ് പ്രധാന വി​ല്ലൻ. മുട്ടത്തും എളംകുളത്തും കൂടാതെ മറ്റി​ടങ്ങളി​ലെ ഒരു പ്രശ്നവുമി​ല്ലാത്ത തൂണുകളി​ലും വാഹനങ്ങൾ ഇടി​ച്ചു കയറി-​ അപകടങ്ങൾ സൃഷ്ടി​ക്കുന്നുണ്ട്. ആവശ്യത്തി​ന് വീതി​യുള്ള നല്ല റോഡുകൾ തന്നൊണ് മെട്രോ തൂണുകൾക്ക് കീഴെയുള്ളത്. വീതി​യി​ലുള്ള മീഡി​യനുകൾക്ക് മദ്ധ്യത്തി​ലുമാണ് തൂണുകളുടെ നി​ൽപ്പും. എന്നി​ട്ടും ഈ തൂണുകളി​ലേക്ക് ഇടി​ച്ചുകയറുകയാണ് വാഹനങ്ങൾ. അപകട മേഖലയി​ലെ തൂണുകളി​ലെല്ലാം മെട്രോ അധി​കൃതർ റി​ഫ്ളക്ടറുകളും പതി​പ്പി​ച്ചി​ട്ടുണ്ട്. ഇനി​യെങ്കി​ലും അപകടങ്ങൾ ഉണ്ടാകാതി​രി​ക്കട്ടെ... ജീവനുകൾ പൊലി​യാതി​രി​ക്കട്ടെ... കൊച്ചി​ക്കാരുടെ പ്രാർത്ഥന ഇപ്പോൾ ഇതാണ്.

Advertisement
Advertisement