പൊലീസ് പലതവണ വിലക്കിയിട്ടും ചെവികൊണ്ടില്ല: എളുപ്പമാർഗം സ്വീകരിച്ച കൊല്ലത്തെ യാത്രക്കാർക്ക് പണികിട്ടി

Saturday 04 May 2024 4:14 PM IST

കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.

ചവറ തെക്കുംഭാഗം സ്വദേശിയായ ഉണ്ണിയുടെയും ഒരു ലോക്കോ പൈലറ്റിന്റെയും തിരുവനന്തപുരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ബൈക്കുകളാണ് 30ന് വൈകിട്ട് പാർക്കിംഗ് കേന്ദ്രത്തിലെത്തിൽ നിന്ന് കാണാതായത്. അന്നു രാവിലെ ഏഴിനാണ് ഉണ്ണി ബൈക്ക് പാർക്ക് ചെയ്ത ശേഷം തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയത്. തിരികെ വൈകിട്ട് ഏഴ്‌ മണിയോടെ എത്തിയപ്പോഴാണ് മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.

പാർക്കിംഗ് അധികൃതരോട് അന്വേഷിച്ചപ്പോൾ, അവിടെ എവിടെയെങ്കിലും കാണുമെന്നായിരുന്നു മറുപടി. ഇതേസമയത്താണ് ലോക്കോ പൈലറ്റും പൊലീസ് ഉദ്യോഗസ്ഥനും ബൈക്ക് കാണാനില്ലെന്ന പരാതിയുമായെത്തിയത്. മൂന്ന് ബൈക്കുകൾ എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് പാർക്കിംഗ് അധികൃതർക്കും ധാരണയില്ല.ബൈക്ക് നഷ്ടമായ മൂന്ന് പേരും ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്‌റ്റേഷൻ പരിസരം, പഴയ ആർ.എം.എസ്, ക്യു.എ.സി റോഡ് എന്നിവിടങ്ങളിൽ നിന്നു ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് പതിവായിട്ടുണ്ട്.

പാർക്കിംഗ് ഫീസ് കൊടുക്കുന്നത് ഒഴിവാക്കാനും പെട്ടെന്ന് വാഹനം വച്ചിട്ട് ട്രെയിനിൽ കയറാനുള്ള എളുപ്പമാർഗമെന്ന നിലയിലുമാണ് ഇരുചക്രവാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്. പൊലീസ് പലതവണ വിലക്കിയിട്ടും റെയിൽവേ സ്‌റ്റേഷനിലെത്തുന്നവർക്ക് വഴിയരികിലെ പാർക്കിംഗിലാണ് താത്പര്യം. ഇന്ധനം ചോർത്തൽ, യന്ത്ര ഭാഗങ്ങൾ അഴിച്ചെടുക്കൽ എന്നിവയും അരങ്ങേറുന്നുണ്ട്. റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നാല് ജീവനക്കാരുണ്ട്.


ക്യാമറയില്ല

പാർക്കിംഗിന് കരാറെടുത്തയാൾ, റെയിൽവേയുമായുള്ള വ്യവസ്ഥ പ്രകാരം നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ സി.സി.ടി.വികൾ സ്ഥാപിക്കണമെന്ന് മൂന്നു മാസം മുമ്പ് പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും പാലിച്ചില്ല.

ക്യാമറകൾ ഇല്ലാത്തതിനാൽ പൊലീസിന് യാതാൊരു തുമ്പും ലഭിക്കുന്നില്ല. മോഷണം ആവർത്തിക്കാതിരിക്കക്കണമെങ്കിൽ ക്യാമറകൾ അനിവാര്യമെന്ന അവസ്ഥയായി.

Advertisement
Advertisement