കൊക്കയാറിൽ പാലം വലിച്ച് അധികൃതർ

Sunday 05 May 2024 12:53 AM IST

മുണ്ടക്കയം : തിരഞ്ഞെടുപ്പിന് മുൻപ് തിടുക്കത്തിൽ നിർമ്മാണ ഉദ്ഘാടനം, മണ്ണ് പരിശോധന...ജനങ്ങൾക്ക് പ്രതീക്ഷകൾ വാനോളം നൽകി. പക്ഷെ പിന്നീട് തുടർപണികൾ ഒരിഞ്ച് മുന്നോട്ടുപോയില്ല. പ്രളയം ദുരിതം വിതച്ച കൊക്കയാറിൽ പുതിയ പാലമെന്ന തങ്ങളുടെ സ്വപ്നം അധികൃതർ തല്ലിക്കെടുത്തിയതിന്റെ അമർഷത്തിലാണ് മലയോരജനത. കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയിലെ പഞ്ചായത്തായ കൊക്കയാറിൽ പഞ്ചായത്ത് ഓഫീസിന് 200 മീറ്റർ അകലെയുണ്ടായിരുന്ന പാലമാണ് 2021ലെ പ്രളയത്തിൽ തകർന്നത്. ഇതോടെ കുറ്റിപ്ലാങ്ങാട്, ഉറുമ്പിക്കര, വെംബ്ലി, വടക്കേമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു. നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സംസ്ഥാന സർക്കാർ 4 മാസം മുൻപ് 4.73 കോടി രൂപ അനുവദിച്ചത്. പത്തനാപുരം സ്വദേശിയ്ക്കായിരുന്നു കരാർ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കാനും അധികാരികൾ മറന്നില്ല.

തുക കുറച്ചത് പ്രതിസന്ധിയായി

സർക്കാർ പ്രഖ്യാപിച്ച 4.73 കോടി 3.90 കോടിയായി പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിയ്ക്കിടയാക്കിയതെന്നാണ് ആക്ഷേപം, ഇതോടെ കരാറുകാരനും പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രളയം തകർത്ത കൊക്കയാറിലെ പ്രധാന പ്രതിസന്ധികളിലൊന്നായിരുന്നു ഈ പാലം. നിരവധി കുടുംബങ്ങളുടെ വഴിയാണ് ഇതോടെ അടഞ്ഞത്.

തുടർന്ന് നാട്ടുകാർ സംഘടിച്ച് താത്കാലിക പാലം നിർമ്മിച്ചു. സ്‌കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാൻ ജനം ആശ്രയിക്കുന്നത് ഈ പാലമാണ്.

Advertisement
Advertisement