വേമ്പനാട്ടുകായലിൽ റെക്കാഡിട്ട് ആരൺ.... കൈകാലുകൾ ബന്ധിച്ച് നീന്തിക്കയറി ചരിത്രത്തിലേക്ക്...

Sunday 05 May 2024 1:26 AM IST

വൈക്കം : വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിൽ കൈകാലുകൾ ബന്ധിച്ച് ഒൻപത് വയസുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കയറിയത് ചരിത്രത്തിലേക്ക്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കായലിൽ തവണക്കടവ് മുതൽ വൈക്കം ബീച്ച് വരെയുള്ള 4.5 കിലോമീറ്ററാണ്
ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ട് ആരൺ നീന്തിക്കടന്നത്. ഒപ്പം വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്‌സിലും ഇടം പിടിച്ചു. കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ ഇത്രയും ദൂരം നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആരൺ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശിന്റെയും ആതിരയുടെയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പന്റെ കീഴിലായിരുന്നു പരിശീലനം. തവണക്കടവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടന്റെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിന്നാക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ.പ്രസാദ് നീന്തൽ ഫ്ലാഗ് ഒഫ് ചെയ്തു. ക്ലബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവർ സന്നിഹിതരായിരുന്നു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആരണിന്റെ കൈകാലുകളിലെ ബന്ധനം കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ അഴിച്ചുമാറ്റി. വൈക്കം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൻ പ്രീത രാജേഷിന്റെ അദ്ധ്യക്ഷതയിൽ വൈക്കത്ത് അനുമോദന സമ്മേളനവും ചേർന്നു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ഫയർ ഫയർഫോഴ്സ് വൈക്കം സ്‌റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement