കടനാട് തുമ്പിമലയിൽ കണ്ടത് ... പുലിയല്ല, പൂച്ചപ്പാക്കാനാകാമെന്ന് വനംവകുപ്പ്

Sunday 05 May 2024 12:40 AM IST

പാലാ : കടനാട് ഗ്രാമപഞ്ചായത്തിലെ തുമ്പിമലയിൽ പുലിയെ കണ്ടതായി അഭ്യൂഹത്തെ തുടർന്ന് ഇന്നലെ വനപാലകരെത്തി പരിശോധന നടത്തി. എന്നാൽ ചൂട് മൂലം മണ്ണ് വരണ്ട് കിടക്കുന്നതിനാൽ പുലിയുടേതായ കാൽപ്പാടുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. പരിസരവാസി കണ്ടത് പൂച്ചപ്പാക്കാൻ ആകാനാണ് സാദ്ധ്യതയെന്നും വണ്ടംപതാൽ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സാം കെ. സാമുവൽ, രഞ്ജുമോൻ എൻ.ആർ എന്നിവർ പറയുന്നു. പുലിയായിരുന്നെങ്കിൽ സമീപത്തെ ആടുകളെയും, നായ്ക്കളെയും ആക്രമിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ തുമ്പിമലയിൽ അങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്നും വനപാലകർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് മെമ്പർമാരായ ഉഷാ രാജു, സിബി ചക്കാലയിൽ, പരിസരവാസികൾ എന്നിവരും വനപാലക സംഘത്തെ സഹായിക്കാൻ എത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ സമീപവാസിയായ തടത്തിൽ രവിയാണ് തുമ്പിമലയിലെ നാല്പത് ഏക്കറോളം വരുന്ന കാട്ടുപള്ളകൾ നിറഞ്ഞ സ്ഥലത്തുകൂടി നടന്നുവരുമ്പോൾ പുലിയെ കണ്ടതായി പറഞ്ഞത്. ഇവിടെയുള്ള മൊബൈൽ ടവറിന് സമീപം പാറപ്പുറത്തുനിന്ന് എന്തോ ചാടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുയർത്തി നിൽക്കുന്ന പുലിയെയാണ് കണ്ടതെന്ന് രവി പറയുന്നു. പുറകുവശമാണ് കണ്ടത്. തന്റെ കാൽ പെരുമാറ്റം കേട്ടതോടെ കാട്ടുപള്ളകൾക്കിടയിലേക്ക് പുലി ചാടി. ഭീതി കാരണം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിവരം കടനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ഉഷാ രാജുവിനെ അറിയിച്ചു. തുടർന്നാണ് ഫോറസ്റ്റ് അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്.

Advertisement
Advertisement