സ്മാർട്ട് ക്ലീനിംഗിന് 'ആക്രി' തലസ്ഥാനത്തും

Sunday 05 May 2024 4:46 AM IST

തിരുവനന്തപുരം: മാലിന്യശേഖരണത്തിന് പരിഹാരമായ 'ആക്രി' ആപ്പിന്റെ സേവനം തലസ്ഥാനത്തും. കഴിഞ്ഞമാസം മുതൽ ആപ്പ് നഗരസഭയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഛത്തീസ്ഗഢിലും ആപ്പ് എത്തിക്കും. തമിഴ്നാടുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2019ൽ എ4 മെർക്കാന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് പുറത്തിറക്കിയത്. കൊച്ചി,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 50ലധികം വോളന്റിയേഴ്സുണ്ട്.

കേരളത്തിൽ മാലിന്യസംസ്കരണം തലവേദനയായപ്പോഴാണ് തൃക്കാക്കര സ്വദേശി ലക്ഷ്മി പണിക്കർ കൊച്ചി ആസ്ഥാനമായി സ്റ്റാർട്ടപ്പ് ആരംഭിച്ചത്. പ്ലേസ്റ്റോറിൽ നിന്ന് ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യാം.പേര്,ഫോൺ നമ്പർ, വാർഡ്,മേൽവിലാസം എന്നിവ നൽകണം.വീട്ടിലെത്തി മാലിന്യം ശേഖരിക്കേണ്ട തീയതിയും സമയവും നൽകണം. ആപ്പിൽ നൽകിയ തീയതിയിൽ വോളന്റിയേഴ്സെത്തും. ആക്രി സാധനങ്ങൾ തൂക്കി ,കിലോയ്ക്ക് പണം നൽകും. സിറിഞ്ചുകൾ,ഗ്ലൗസുകൾ,ഉപയോഗിച്ച മരുന്നുകൾ ഉൾപ്പെടെയുള്ള ബയോമെഡിക്കൽ വേസ്റ്റ്,ഡയപ്പറുകൾ, സാനിറ്ററി നാപ്കിൻ, കോട്ടൺ തുണികൾ എന്നിവയും ശേഖരിക്കും. കിലോയ്ക്ക് 14 രൂപ നിരക്കിലായിരുന്നു കൊച്ചിയിൽ പണം വാങ്ങിയിരുന്നത്. തിരുവനന്തപുരത്ത് കിലോയ്ക്ക് 50 രൂപയാണ്.കൊച്ചിയിലെ കെ.ഇ.ഐ.എൽ എന്ന സ്ഥാപനം വഴി പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യം കത്തിച്ച് പൊടി കൃഷിക്ക് വളമാക്കും.പ്ലാസറ്റിക്ക് മാലിന്യം പുനരുപയോഗിക്കാവുന്ന തരത്തിലാക്കും.നിലവിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ആപ്പ്. ഐഫോണിലേയ്ക്കും ഉടൻ കൊണ്ടുവരും.

അക്രിക്ക് ജനങ്ങൾ സപ്പോർട്ട്

ആപ്പ് വഴി ഇതുവരെ ശേഖരിച്ചത് 2950 ടൺ പ്ലാസ്റ്റിക്ക് മാലിന്യവും 3200 ടൺ പേപ്പർ മാലിന്യവുമാണ്.ഓരോ ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുമ്പോഴും ജനങ്ങളുടെ പിന്തുണ വർദ്ധിക്കുന്നതായി ആക്രി ആപ്പ് ജില്ലാ കോർഡിനേറ്റർ നിള പദ്മ കേരളകൗമുദിയോട് പറഞ്ഞു.ഫ്ലാറ്റിലെ താമസക്കാരാണ് ഉപഭോക്താക്കളിലധികവും.

സംസ്ഥാനത്താകെ ഇതുവരെ ശേഖരിച്ചത്(ടൺ)

പേപ്പർ മാലിന്യം---------------------3200

ഇ-വേസ്റ്റ്-------------------------------1100

പ്ലാസ്റ്റിക്ക്-----------------------------2950

ഗ്ലാസ്----------------------------------500

മെറ്റൽ വേസ്റ്റ്----------------------7500

തുണി മാലിന്യം-------------------150

Advertisement
Advertisement