ചെറു നാരങ്ങ അത്ര ചെറുതല്ല

Sunday 05 May 2024 1:04 AM IST

കിളിമാനൂർ: കടുത്ത വേനലിൽ ഒരു നാരങ്ങാ വെള്ളം കുടിക്കാമെന്ന് കരുതിയാൽ പോക്കറ്റ് കീറിയത് തന്നെ. നാരങ്ങാ കിട്ടാനില്ല, കിട്ടിയാൽ തന്നെ ഒരു നാരങ്ങയ്ക്ക് പത്ത് രൂപ വരെ കൊടുക്കേണ്ടിവരും. പത്ത് രൂപയ്ക്ക് പത്ത് നാരങ്ങ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്താണിത്.

നാരങ്ങാ വില കുതിച്ചുയർന്ന് കിലോയ്ക്ക് 180 രൂപയായി. ഒരു മാസം മുമ്പ് കിലോയ്ക്ക് 50 രൂപ വരെയായിരുന്നു വില. ചൂടു കൂടിയതോടെ ചെറു നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. വില കൂടിയതോടെ കുലുക്കി സർബത്ത്, സോഡാ നാരങ്ങാ വെള്ളം, നാരങ്ങാ വെള്ളം തുടങ്ങിയവയ്ക്കെല്ലാം അഞ്ച് രൂപ വരെ കച്ചവടക്കാർ കൂട്ടിയിരിക്കുകയാണ്. പലയിടത്തും ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കിട്ടണമെങ്കിൽ 20 രൂപയോളം നൽകണം.

 കല്യാണ വീടുകളിൽ നിന്നും നാരങ്ങകൾ അപ്രത്യക്ഷമായി. പകരം മിഠായി സ്ഥാനം പിടിച്ചു.

വേനൽ വരും ദിവസങ്ങളിൽ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരുമെന്നാണ് 'കച്ചവടക്കാർ പറയുന്നത്.

 തൊട്ടാൽപൊള്ളും പച്ചക്കറി വില

ചൂടത്ത് അല്പം പഴവർഗങ്ങൾ, പച്ചക്കറിയും ആകാമെന്ന് കരുതിയാൽ അതിന് വേനൽ ചൂടിനെക്കാൾ പൊള്ളും. നാട്ടിലെ പച്ചക്കറികളെല്ലാം വാടിക്കരിഞ്ഞതോടെ പച്ചക്കറികൾ അന്യസംസ്ഥാനത്തുനിന്നാണ് എത്തുന്നത്. അതിനും തീവിലയായി. ഇത്തരത്തിൽ പച്ചക്കറികൾ കരിഞ്ഞുണങ്ങിയാൽ ഓണത്തിന് സദ്യയിൽ നിന്ന് പച്ചക്കറിയെ ഒഴുവാക്കുന്നതാകും നല്ലത്.

Advertisement
Advertisement