എട്ടിക്കുളത്ത് ഉഗ്രസ്ഫോടനം; ഇരുപതോളം വീടുകളിൽ വീടുകൾക്ക് നാശനഷ്ടം

Saturday 04 May 2024 9:14 PM IST

പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമി പരിസരത്ത് നടന്ന ഉഗ്രസ്ഫോടനത്തിൽ എട്ടിക്കുളത്ത് ഇരുപതോളം വീടുകൾക്ക് നാശനഷ്ടം നേരിട്ടു. സ്ഫോടനം സംബന്ധിച്ച വിവരം പുറത്തുവിടാൻ നാവിക അക്കാഡമി അധികൃതർ തയ്യാറായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് നാലരക്കും അഞ്ചിനുമിടയിലാണ് സ്ഫോടനശബ്ദം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വീടുകളുടെ ജനൽ പാളികളും വാതിലുകളും തകർന്നു. ഭൂചലന സമാനമായ പ്രകമ്പനമാണ് സ്ഫോടന ശബ്ദത്തോടൊപ്പം ഉണ്ടായത്. എട്ടിക്കുളം പടിഞ്ഞാറ് വീടുകളുടെ ചുവരുകളിൽ വിള്ളൽ വീഴുകയും ഗ്ലാസുകൾ തകരുകയും ചെയ്തു. ചില വീടുകളുടെ ഉൾവശത്തെ മുറികളുടെ വാതിലുകളും തകർന്നു. ഫൈബർ വാതിൽ പാളികൾ പൊട്ടുകയും ചിലത് പൂർണമായും അടർന്നു വീഴുകയും ചെയ്തിട്ടുണ്ട്. ചില വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരയുടെ തേപ്പും ഇളകി വീണു. മതിലുകൾക്കും വിള്ളലുണ്ടായിട്ടുണ്ട്.

സി.സി. അലീമ, ബാപ്പിൻറകത്ത് റഷീദ, പി. കുഞ്ഞലീമ, ഒ.പി. അബ്ദുൾ റഹ്മാൻ, ബി. സെയ്ഫുന്നീസ, അമീറ, കെ.വി. മുസ്തഫ, കെ. മഹമ്മൂദ്, പി. നബീസ, എ. മുസ്തഫ, എം. പി. കാസിം, എം.ടി.പി. അഷറഫ്, എൻ.പി. ഫാത്തിബി,എ.കെ. ഹക്കിം, നാലുപുരപ്പാട്ടിൽ നസീറ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ നാവിക അക്കാദമി പരിസരത്തു നിന്നും ചെറു സ്ഫോടന ശബ്ദങ്ങൾ കേട്ടു തുടങ്ങിയതായി പരിസരവാസികൾ പറയുന്നു. എന്നാൽ വൈകിട്ടുണ്ടായ സ്ഫോടന ശബ്ദമാണ് എട്ടിക്കുളം പടിഞ്ഞാറ് ഭാഗത്തെയാകെ നടുക്കിയത്.

കേടുപാടുകൾ സംഭവിച്ച വീടുകൾ ടി. ഐ. മധുസൂദനൻ എം.എൽ.എ സന്ദർശിച്ചു

Advertisement
Advertisement