കടൽ തിളയ്ക്കുന്നു തീരം വിട്ട് മത്തിയും അയലയും

Saturday 04 May 2024 9:31 PM IST

കണ്ണൂർ:വലിയൊരു ഇടവേളയ്ക്ക് ശേഷം സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും വീണ്ടും കേരളതീരം വിടുന്നു. അസഹ്യമായ ചൂടിനെ തുടർന്നാണ് ഇവ ഗുജറാത്ത്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളോട് ചേർന്ന കടലിലേക്ക് അനുകൂല താപനില തേടി പറ്റമായി നീങ്ങിയത്. സമുദ്രത്തിലെ താപനില വൻതോതിൽ വർദ്ധിച്ചതോടെ വെറുംകൈയോടെ മടങ്ങേണ്ടിവരുന്ന സ്ഥിതിയിലാണ് മത്സ്യതൊഴിലാളികൾ.

കേരളത്തിൽ പൊതുവെ മത്സ്യസമ്പത്ത് കുറയുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. എന്നാൽ ഇത്തവണ അത് ക്രമാതീതമായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സമുദ്ര നിരപ്പിലെ താപനില വർദ്ധിച്ചതാണ് ഇതിനു പ്രധാന കാരണം.

മത്തി, അയല തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പലയിടങ്ങളിലായി പെയ്ത മഴ നേരിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും കുതിച്ചുയരുന്ന ചൂട് മേകലയ്ക്ക് ആശങ്ക നൽകുകയാണ്.

കഴിഞ്ഞ മൂന്ന് മാസമായി മീൻ കിട്ടാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് തീരദേശം. ഫെബ്രുവരി മുതലാണ് മീനിന്റെ ലഭ്യത കുറഞ്ഞ് തുടങ്ങിയത്.ഇതാദ്യമായാണ് ഈവിധത്തിൽ ഒരു ദുരിത കാലമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഇത്രമേൽ ചൂട് മുമ്പൊരിക്കലും കടലിൽ ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞു. കടലിൽ പോയാൽ ചിലവിന് പോലും തികയാത്ത അവസ്ഥയാണ്.അസഹനീയ ചൂട് വകവെയ്ക്കാതെ വലവീശീയാലും കാര്യമായി ഒന്നും കുടുങ്ങുന്നുമില്ല. വെള്ളത്തിന് ചൂട് കൂടുന്നതു കാരണം മത്സ്യകൂട്ടങ്ങളെല്ലാം മറ്റിടങ്ങളിലേക്ക് നീങ്ങുകയാണ്. താപനിലയിലുള്ള വ്യതിയാനം കടലിന്റെ അടിയൊഴുക്കിനെ ബാധിക്കുന്നുവെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

കരയ്ക്ക് കയറ്റിയിട്ട് വള്ളങ്ങൾ

മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും കൂലി ചെലവ് പോലും ലഭിക്കാതായതോടെ പലരും ബോട്ടുകളും വള്ളങ്ങളും തീരത്ത് കയറ്റിയിട്ടിക്കുകയാണ്.ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ തലായി,ആയിക്കര,അഴീക്കൽ,പാലക്കോട് എന്നിവിടങ്ങളിലെല്ലാം ഭൂരിഭാഗം ബോട്ടുകളും കരയ്ക്കടുപ്പിക്കേണ്ട സ്ഥിതിയിലാണ്.
മത്സ്യവരവ് കുറഞ്ഞതോടെ ഹാർബ്ബറിലെ അനുബന്ധ തൊഴിലാളികളുടെയും ചില്ലറ കച്ചവടക്കാരുടെയും നിത്യജീവിതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും ആശ്വാസമേകാൻ സർക്കാർ സഹായം അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.


തീവില,പഴകിയ മത്സ്യങ്ങൾ

മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തിൽ, ഇറക്കുമതിയുടെ തോതിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇത് മത്സ്യവില വർദ്ധിക്കുന്നതിന് വഴിവയ്ക്കുകയാണ്.നിലവിൽ മത്സ്യം കിട്ടാതായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പഴകിയ മീനുകളാണ് വിപണിയിലെത്തുന്നത്. തീവിലയാണ് നൽകി വാങ്ങുന്ന ഈ മത്സ്യങ്ങൾ ചീഞ്ഞതും ഫോർമാലിൻ ചേർത്തതുമായാണ്.കാഴ്ച്ചയ്ക്ക് കുഴപ്പമില്ലെങ്കിലും വാങ്ങി ഉപയോഗിക്കുമ്പോഴാണ് പഴകിയ മീനാമെന്ന് ആളുകൾക്ക് മനസ്സിലാകുന്നത്.

മലയാളിക്ക് മീനില്ലാതെന്ത് ഊണ്

മലയാളിയുടെ മത്സ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് സമീപകാലത്തായി രേഖപ്പെടുത്തുന്നത്. അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികൾ കൂടുതലും കഴിക്കുന്നത്. ആവശ്യക്കാർക്ക് മത്സ്യം എത്തിക്കാൻ സർക്കാർ സംവിധാനങ്ങളുമുണ്ട്. മുമ്പ് മാർക്കറ്റിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മീൻ കച്ചവടം വഴിയോര വ്യാപാരമായും മാറി.

മലയാളിയുടെ പ്രതിവർഷ മീൻ ഉപഭോഗം

2020-2021 - 18.49 കിലോ

2021 22 -19.53 കിലോ

2022-23- 20.65 കിലോ

Advertisement
Advertisement